വണ്ടൂർ : എം ഡി എം എ കടത്തുന്നതിനിടയിൽ പോലീസ് പിന്തുടരുന്നത് മനസിലായി രാസലഹരി മരുന്ന് ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ വലയിലാക്കി പോലീസ്. മലപ്പുറം വണ്ടൂരിലാണ് സംഭവം. കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചേരി നജീബ് (34) നെയാണ് വണ്ടൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 30ന് രാത്രി ഒൻപതോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളൂരുവില്‍നിന്ന് എം.ഡി.എം.എ എത്തിച്ച് ആവശ്യക്കാർക്ക് നൽകുന്നതാണ് പ്രതിയുടെ പതിവ് രീതി. രഹസ്യം വിവിരം ലഭിച്ചതോടെ ഇൻസ്‌പെക്ടർ വി. അനീഷിന്റെ നേതൃത്വത്തില്‍ കാളികാവ് പോലീസും ഡാൻസാഫും ചേർന്ന് പ്രതിയുടെ കാറിനെ പിന്തുടരുകയായിരുന്നു. കാളികാവ് കറുത്തേനിയില്‍ എത്തിയതോടെ കാറില്‍ നിന്ന് പ്രതി ഇറങ്ങിയോടി. പോലീസ് പരിശോധനയില്‍ കാറില്‍ നിന്ന് 25 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയും ചെയ്തു. പ്രതി ഒളിവില്‍ പോയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്രതി കഴിഞ്ഞ ദിവസം വണ്ടൂർ ഭാഗത്തേക്ക് കാറില്‍ വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വണ്ടൂർ പോലീസും നിലമ്ബൂർ ഡാൻസാഫും ചേർന്നാണ് ഇയാളെ തന്ത്രപൂർവ്വം വലയിലാക്കിയത്.