സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ, ഈ വർഷം നടത്തേണ്ടിയിരുന്ന നിയമനങ്ങൾ എല്ലാം തന്നെ മന്ദഗതിയിലാക്കാൻ ഒരുങ്ങി ഗൂഗിൾ. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ ഉദ്യോഗസ്ഥർക്ക് അയച്ച ഇമെയിലിൽ ആണ് നിയമനങ്ങൾ പതുക്കെയാക്കാനുള്ള നിർദേശം ഉള്ളതെന്ന് ബ്ലൂബെർഗ് റിപ്പോർട്ട് ചെയ്തു.
സാങ്കേതിക മേഖലയിലെ സാമ്പത്തിക തകർച്ചകളിൽ നിന്ന് മുന്നേറാൻ താരതമ്യേന ഗൂഗിളിന് കഴിഞ്ഞിട്ടുണ്ട്. പത്ത് വർഷത്തിന് മുൻപാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗൂഗിൾ അവസാനമായി നിയമനം നിർത്തിയിട്ടുണ്ടായിരുന്നത്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്, മാർച്ച് 31 വരെ ഏകദേശം 164,000 ആളുകൾക്ക് ജോലി നൽകിയിട്ടുണ്ട്.
അതേസമയം, ഗൂഗിളിന്റെ ഈ നീക്കം മറ്റ് ടെക് കമ്പനികളും പിന്തുടർന്നേക്കാം. ഗൂഗിന്റെ പ്രധാന എതിരാളിയായ മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം വെട്ടികുറയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്‌ല പത്ത് ശതമാനത്തോളം ജീവനക്കാരെ കുറയ്ക്കുമെന്ന് മുൻപേ വ്യക്തമാക്കിയിരുന്നു.
ആഗോള സാമ്പത്തിക മാന്ദ്യ ഭീതിയിലാണ് ടെക് ഭീമന്മാർ നിയമനങ്ങളിൽ കുറവ് വരുത്തുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തിയേക്കുമെന്ന സാധ്യത മുന്നില്കണ്ടുകൊണ്ടാണ് നടപടി.