ചെന്നൈ: 333 വർഷം പഴക്കമുള്ള ചെന്നൈ കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ദളിത് വനിതാ മേയർ സ്ഥാനമേറ്റിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. 28കാരിയായ ആർ. പ്രിയയാണ് ചെന്നൈയുടെ പുതിയ തലൈവി. കഷ്ടപ്പെടുന്ന എല്ലാ വനിതകൾക്കുമുള്ള അംഗീകാരമാണ് തന്റെ മേയർ സ്ഥാനമെന്ന് വനിതാ ദിനത്തിൽ പ്രിയ പറഞ്ഞു.
വടചെന്നൈ എന്ന ദേശത്തിന് തമിഴ്നാട്ടിൽ വില്ലൻ പരിവേഷമാണ്. ഗുണ്ടാ ഗാംഗുകളുടേയും അധോലോകത്തിന്റേയും വിളനിലമെന്നാണ് കേൾവി. ഒട്ടൊക്കെ തമിഴ് മുഖ്യധാരാ സിനിമ ചാർത്തിക്കൊടുത്ത പരിവേഷം. അവിടെനിന്നാണ് ശിങ്കാര ചെന്നൈയുടെ പുതിയ നായിക വരുന്നത്. ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയർ, മേയറാകുന്ന ആദ്യ ദളിത് വനിത. ഇരുപത്തിയെട്ടുവയസുള്ള, എംകോം ബിരുദധാരിയായ പ്രിയ.
സിറ്റി ഓഫ് ലണ്ടൻ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും പ്രായമുള്ള കോർപ്പറേഷനായ ചെന്നൈയുടെ മേയർ സ്ഥാനം ദളിത് വനിതയ്ക്ക് സംവരണം ചെയ്തുകൊണ്ട് കഴിഞ്ഞ ജനുവരിയിലാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. പഠനകാലത്തേ പാർട്ടി കേഡറാണെങ്കിലും തെരഞ്ഞെടുപ്പ് അങ്കത്തിലിതാദ്യം, ജയം, മഹാനഗരത്തിന്റെ കടിഞ്ഞാണേൽക്കാൻ നിയോഗം. കഷ്ടപ്പെടുന്ന എല്ലാ സ്ത്രീകളുടേയും വിജയമാണ് തന്റെ പദവിയെന്ന് പ്രിയ പറഞ്ഞു.
ചൈന്നൈയെ നയിക്കാൻ പാർട്ടി നിയോഗിച്ച യംഗ് ബ്രിഗേഡിന്റെ തലൈവിയാകുമ്പോൾ പ്രിയയുടെ വാക്കുകളിൽ ഇരുപത്തിയെട്ടുവയസിന്റെ പകപ്പല്ല, ഏറ്റെടുത്ത ഉത്തരവാദിത്തം ഉൾക്കൊള്ളുന്ന തഴക്കം. സീനിയർ നേതാക്കളെ ഉൾപ്പെടെ ഒറ്റക്കെട്ടായി നയിക്കും. ചെന്നൈ മേയർ പദവി തമിഴ്നാടിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഒന്നാം നിരയിലേക്കുള്ള ആദ്യ പടിയാണ്. ഇപ്പോഴത്തെ തമിഴ്നാട് മന്ത്രിസഭയിലെ രണ്ട് പേർ ചെന്നൈ മുൻ മേയർമാരാണ്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനും. ആ വഴിയേ ഇനി പ്രിയയും.