തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലെ മേയർ ആര്യാ രാജേന്ദ്രന്‍റെ നിയമന ശുപാർശ കത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ നീക്കം. ഇതിന്‍റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളെ സർക്കാർ ചർച്ചക്ക് വിളിച്ചു.നാളെ വൈകിട്ട് നാല് മണിക്ക് സെക്രട്ടേറിയറ്റിൽ ആണ് ചർച്ച. നിയമന ശുപാർശക്കത്ത് വിവാദത്തിൽ യുഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിച്ചിരിക്കെയാണ് സർക്കാരിന്റെ അനുനയ നീക്കം. നിയമസഭ കൂടി നാളെ ചേരുമ്പോൾ സഭക്ക് അകത്തും പുറത്തുംഈ വിഷയം ആളിക്കത്തിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കെയാണ് സർക്കാരിന്‍റെ നീക്കം എന്നതും ശ്രദ്ധേയം. ആഴ്ചകളായി തുടരുന്ന സമരം കോർപറേഷന്‍റെ ദൈംദിന പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട് . പല ഭരണ നേട്ടവും ജനങ്ങളിലേക്ക് എത്തുന്നതിന് പകരം ഇത്തരം ആക്ഷേപങ്ങൾ മാത്രമാണ് താഴേത്തട്ടിലേക്ക് എത്തുന്നതെന്ന വിലയിരുത്തലും പാർട്ടി തലത്തിലും സർക്കാരിലും ഉണ്ട്.