ന്യൂഡൽഹി: ലോകം ആഗ്രഹിക്കുന്ന വിശ്വസ്ത നിക്ഷേപ പങ്കാളിയെന്ന നിലയിലേക്ക് എത്തിപ്പെടാൻ ജനാധിപത്യ ഇന്ത്യയ്ക്കു മാത്രമാണു സാധ്യതയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ നിക്ഷേപ ഉച്ചകോടിയെ തുടർന്നുള്ള പുതിയ പദ്ധതികൾക്കു തുടക്കമിടുകയായിരുന്നു പ്രധാനമന്ത്രി. 80,000 കോടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും ഗൗതം അദാനി, എം.എ. യൂസഫലി, കുമാർ മംഗലം ബിർള തുടങ്ങി വ്യവസായ പ്രമുഖരും ലക്നൗവിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
ജി20 സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യയെന്നും ആഗോള ചില്ലറവ്യാപാര സൂചികയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വർഷം, 8400 കോടി ഡോളറിന്റെ നേരിട്ടുള്ള റെക്കോർഡ് വിദേശ നിക്ഷേപം ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 30 ലക്ഷം കോടി രൂപയുടെ ചരക്കു കയറ്റുമതിയിലൂടെ ഇന്ത്യ പുതിയ റെക്കോർഡ് സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ജന്മഗ്രാമമായ പറൗങ്കും മോദി സന്ദർശിച്ചു.
കൂടുതൽ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്
യുപി നിക്ഷേപക സംഗമ വേദിയിലെ ലുലു പവിലിയൻ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രവർത്തനങ്ങൾ വിശദീകരിച്ചു. നിലവിൽ ലക്നൗവിൽ 2000 കോടി രൂപ ചെലവിൽ നിർമിച്ച ലുലുമാൾ ഉടൻ ഉദ്ഘാടനം ചെയ്യും.