തിരുവനന്തപുരം: ഉത്രാടദിനത്തില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് സര്‍വകാല റെക്കോര്‍ഡ് വില്‍പന. പാല്‍ വില്‍പനയിലാണ് മില്‍മയുടെ മറ്റ് പ്രാദേശിക യൂണിയനുകളെ അപേക്ഷിച്ച് തിരുവനന്തപുരം യൂണിയന്‍ റെക്കോര്‍ഡ് വില്‍പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉത്രാട ദിനത്തിലെ പാല്‍ വില്‍പനയില്‍ 21 ശതമാനത്തിന്‍റെ വന്‍ വര്‍ധനവാണ് തിരുവനന്തപുരം യൂണിയന്‍ നേടിയത്. ഉത്രാട ദിനത്തില്‍ മാത്രം 15,50,630 ലിറ്റര്‍ പാല്‍ വിറ്റഴിച്ചു. തൈരിന്‍റെ വില്‍പനയില്‍ 26 ശതമാനം വര്‍ധനയോടെ 2,40,562 കിലോയാണ് വിറ്റഴിച്ചത്.
ഓണത്തിന് 320 മെട്രിക് ടണ്‍ നെയ്യും മറ്റ് പാലുത്പന്നങ്ങളും വിറ്റഴിച്ചതിലൂടെ ടി ആര്‍ സി എം പി യു വിന്‍റെ വിറ്റുവരവ് 126 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ നേടിയ വിറ്റുവരവിനെക്കാള്‍ 20 ശതമാനം കൂടുതലാണിത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ടിആര്‍സിഎംപിയു.
ക്ഷീരകര്‍ഷകര്‍, മില്‍മ ജീവനക്കാര്‍, ഏജന്‍സികള്‍, വിതരണ വാഹന ജീവനക്കാര്‍ എല്ലാറ്റിനുമുപരിയായി മില്‍മയുടെ ഉപഭോക്താക്കള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനവും സഹകരണവുമാണ് മേഖലാ യൂണിയന്‍റെ നേട്ടത്തിന് കാരണമെന്ന് ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ പറഞ്ഞു. ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറുടെ ക്ഷീരമേഖലയിലെ വിപുലമായ അനുഭവവും പ്രോത്സാഹനവും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഉള്ള കൂട്ടായ പരിശ്രമവുമാണ് മേഖലാ യൂണിയന്‍റെ ചരിത്ര നേട്ടത്തിന് കാരണമായതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡി എസ് കോണ്ട പറഞ്ഞു.
തിരുവനന്തപുരം മേഖലാ യൂണിയന്‍റെ കീഴിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ഈ ഓണക്കാലത്ത് ലിറ്ററൊന്നിന് രണ്ടു രൂപയും ക്ഷീരസംഘങ്ങള്‍ക്ക് ലിറ്ററൊന്നിന് അന്‍പത് പൈസയുമെന്ന നിരക്കില്‍ 2.3 കോടി രൂപ മേഖലാ യൂണിയന്‍ ഇന്‍സെന്‍റീവായി വിതരണം ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആപ്കോസ് സൊസൈറ്റികളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1500 രൂപയും താത്ക്കാലിക ജീവനക്കാര്‍ക്ക് 1000 രൂപ വീതവും മേഖലാ യൂണിയന്‍ ഓണസമ്മാനമായി നല്‍കി. ക്ഷീര സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ഓണസമ്മാനം നല്‍കുന്ന കേരളത്തിലെ ഏക മേഖലാ യൂണിയനാണ് തിരുവനന്തപുരം.