ചെന്നൈ: കാലവർഷം ശക്തമായതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത് മഴ തുടരുന്നു. ചെന്നൈയിൽ 27 വർഷത്തിനിടെ പെയ്ത റെക്കോർഡ് മഴയാണ് ഇന്നലത്തേത്. 1996 ന് ശേഷം ആദ്യമായി ജൂണിൽ ചെന്നൈയടക്കം പല ജില്ലകളിലും സ്കൂളുകൾക്ക് മഴ ഭീതിയിൽ അവധി പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ പരക്കെ മഴയാണ്. ചെന്നൈയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 140 മില്ലിമീറ്റർ മഴ പെയ്തു. 1996 ന് ശേഷം ജൂണിൽ ഇത്രയും മഴ ലഭിക്കുന്നത് ഇതാദ്യമാണ്. ചെന്നൈയിൽ പറന്നിറങ്ങേണ്ട 10 വിമാനങ്ങൾ ബെംഗളൂരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു. ചെന്നൈയിൽ പുറപ്പെടേണ്ട വിമാനങ്ങൾ മഴയെ തുടർന്ന് വൈകുകയാണ്. വിമാനങ്ങൾ എപ്പോൾ പുറപ്പെടുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം ദില്ലിയിലും ഹിമാചൽ പ്രദേശിലും ഇന്ന് ശക്തമായി മഴ പെയ്യുന്നുണ്ട്. പ്രളയ സാഹചര്യമാണ് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നേരിടുന്നത്. ഇവിടെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതിശക്തമായ മഴയെ തുടർന്ന് ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴയിൽ ഹിമാചൽ പ്രദേശിലെ കരേരി തടാകത്തിൽ കുടുങ്ങിയ 26 പേരെ ദുരന്ത നിവാരണ സംഘം രക്ഷപ്പെടുത്തി. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സമ്മർദ്ദ ഫലമായി പെയ്ത ശക്തമായ മഴയിൽ രാജസ്ഥാനിലെ ജവഹർലാൽ നെഹ്റു ആശുപത്രിയിൽ വെള്ളം കയറി. രാജസ്ഥാന്‍റെ കിഴക്കൻ മേഖലയില്‍ ഇന്ന് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇവിടെ ഇന്ന് 40 കി.മീ വേഗതയില്‍ കാറ്റും വീശുമെന്നാണ് അറിയിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ പടിഞ്ഞാറൻ മേഖലയില്‍ ഇന്നും നാളെയും കനത്ത മഴക്കും കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.