തിരുവനന്തപുരം: നിയമനക്കോഴ തട്ടിപ്പുകേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ തട്ടിപ്പുകേസിലെ മുഖ്യ ആസൂത്രകർ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖിൽ സജീവ് മൊഴി നൽകിയത്.
ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയിൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖിൽ സജീവിന്റെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരനായ ഹരിദാസനെ അറിയില്ലെന്നും അഖിൽ പറഞ്ഞിട്ടുണ്ടെങ്കിലും മൊഴികൾ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പരാതിക്കാരനായ ഹരിദാസൻ ഒളിവിൽ പോയെന്നും കന്‍റോൺമെന്‍റ് പൊലീസ് പറയുന്നു.
അതേസമയം അഖിൽ സജീവ് ഉൾപ്പെട്ട സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിൽ യുവമോർച്ച നേതാവിനെയും പത്തനംതിട്ട പൊലീസ് പ്രതിചേർത്തിട്ടുണ്ട്. രാജേഷ് എന്നു വിളിപ്പേരുള്ള ശ്രീരൂപിനാണ് തട്ടിപ്പില്‍ പങ്കുള്ളത്. നിയമനത്തിന് പണം നല്‍കിയത് രാജേഷിനാണെന്ന് അഖില്‍ സജീവിന്റെ മൊഴി.
അതിനിടെ കേസിൽ ബാസിത്തിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ കന്റോൺമെന്റ് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ബാസിത്തിനോട് ഇന്ന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസം മുൻപ് ബാസിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ അഖിൽ സജീവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.