റിസ്‌കില്ലാത്ത നിക്ഷേപങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് അനുയോജ്യമാണ് ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍. എന്നാല്‍ എഫ്ഡികള്‍ തുടങ്ങാന്‍ വലിയ തുക വേണമെന്ന ധാരണയില്‍ പലരും നിക്ഷേപങ്ങള്‍ തുടങ്ങാന്‍ മടിക്കുകയും ചെയ്യും. മാസം തോറും ചെറിയ തുക നീക്കിവെച്ച് നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ബാങ്ക് മുഖേനയുള്ള പദ്ധതികളും നിലവിലുണ്ട്. അത്തരത്തില്‍ വലിയൊരു നിക്ഷേപത്തുക ഒറ്റയടിക്ക് ആവശ്യമില്ലാത്ത, ജനപ്രിയമായ നിക്ഷേപപദ്ധതിയാണ് റെക്കറിങ് ഡെപ്പോസിറ്റുകള്‍.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ മിക്ക ബാങ്കുകളും റെക്കറിങ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്. നിശ്ചിത സംഖ്യ പ്രത്യേക കാലയളവിലേക്ക് മാസം തോറും നിക്ഷേപിച്ച് ആര്‍ഡികള്‍ തുടങ്ങുന്നത് ലാഭകരമാണെന്നതില്‍ തര്‍ക്കമില്ല. നിലവില്‍ എസ്ബിഐ, എച്ച് ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹിന്ദ്ര, ഐസിഐസിഐ ,ആക്‌സിസ് ബാങ്ക് എല്ലാം നിരക്കുകള്‍ പുതുക്കിയിട്ടുണ്ട്.
എസ്ബിഐ ആര്‍ഡി പലിശ നിരക്ക്
12 മാസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്നത്. പ്രതിമാസം 100 രൂപയാണ് കുറഞ്ഞ നിക്ഷേപത്തുക. ഉപഭോക്താവിന് തുടര്‍ച്ചയായി ആറ് ആര്‍ഡി തവണകള്‍ അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അ്ക്കൗണ്ട് ക്ലോസ് ചെയ്ത് തുക, ഉടമയ്്ക്ക് കൈമാറും. ആര്‍ഡിയില്‍ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എസ്ബിഐ 7.30 മുതല്‍ 7.50 ശതമാനം വരെ പലിശനിരക്ക് നല്‍കുന്നുണ്ട്.
എച്ച്ഡിഎഫ്‌സി ബാങ്ക് ആര്‍ഡി നിരക്ക്
ആറ് മാസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയിലുള്ള ആര്‍ഡി കളില്‍ നിക്ഷേപിക്കുന്നതിന് എച്ച്ഡിഎഫ്‌സി ബാങ്ക് 4.5 ശതമാനം മുതല്‍ 7.10 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. 15 മാസ കാലാവധിയിലുള്ള നിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനം പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
പിഎന്‍ബി ആര്‍ഡി പലിശനിരക്ക്
ആറ് മാസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയിലുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് പിഎന്‍ബി വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക്. 666 ദിവസ കാലാവധി യിലെ നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം പലിശ നിരക്കും പിഎന്‍ബി നല്‍കുന്നുണ്ട്.
ആക്‌സിസ് ബാങ്ക് ആര്‍ഡി നിരക്ക്
ആറ് മാസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയിലുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം മുതല്‍ 7.26 ശതമാനം വരെയാണഅ പലിശ നിരക്ക്. രണ്ടരവര്‍ഷത്തെക്കുള്ള ആര്‍ഡികള്‍ക്ക് 7.26 ശതമാനമാണ് പലിശനല്‍കുന്നത്.
കൊട്ടക് മഹിന്ദ്ര ബാങ്ക്
ആറ് മാസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയിലുള്ള റെക്കറിങ് ഡെപ്പോസിറ്റുകള്‍ക്ക് 6 ശതമാനം മുതല്‍ 7.20 ശതമാനം വര പലിശയാണ് കൊ്ട്ടക് മഹിന്ദ്ര നല്‍കുന്നത്.
ഐസിഐസിഐ ബാങ്ക്
ആറ് മാസം മുതല്‍ 10 വര്‍ഷം വരെ വിവിധ കാലാവധികളിലുള്ള സ്‌കീമുകളില്‍ നിക്ഷേപം നടത്താം. 4.75 ശതമാനം മുതല്‍ 7.10 ശതമാനം വരെയാണ് പലിശനിരക്ക്. 15 മാസം മുതല്‍ 24 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനമാണ് ബാങ്ക് നല്‍കുന്ന പലിശനിരക്ക്. 500 രൂപയാണ് നിക്ഷേപം തുടങ്ങുന്നതിനുള്ള കുറഞ്ഞതുക.