തിരുവനന്തപുരം: ഓണത്തിന്‍റെ ആഘോഷത്തിലേക്ക് മലയാളികൾ കടക്കവെ സംസ്ഥാനത്തെ മഴ സാഹചര്യം കാര്യങ്ങൾ തകിടം മറിക്കുമോയെന്ന ആശങ്ക ശക്തമാകുന്നു. ഇന്ന് സംസ്ഥാനത്ത് അതി തീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് 4 ജില്ലകളിൽ തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ‍് അലർട്ടുള്ളത്. ഒപ്പം എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുമുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ ജാഗ്രതയും തുടരുകയാണ്. അതേസമയം ഒന്നാം ഓണമായ ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് 12 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുണ്ട്. അതുകൊണ്ടുതന്നെ ഉത്രാടപ്പാച്ചിൽ വെള്ളത്തിൽ മുങ്ങുമോയെന്ന ആശങ്ക ശക്തമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഉത്രാട ദിനത്തിൽ ഓറഞ്ച് അലർട്ടുള്ളത്. അതേസമയം രണ്ട് ജില്ലകളിൽ നാളെ ഒരു തരത്തിലുമുള്ള മഴ ജാഗ്രതയുമില്ലെന്നതാണ് മറ്റൊരു കാര്യം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് നാളെ വലിയ ആശ്വാസമുള്ളത്.