ഗുംല: ഡാൻസ് ചെയ്യാൻ വിസമ്മതിച്ചതിന് വിദ്യാർത്ഥികളെ അധ്യാപകൻ മുറിയിലിട്ട് പൂട്ടി. ഇവരെ മുളവടി കൊണ്ട് മർദ്ദിക്കുകയും ചെയ്തു. ഝാർഖണ്ഡിലെ ഗുംലയിലാണ് സംഭവം. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഗുംല സെന്റ് മൈക്കിൾസ് സ്കൂളിലെ അധ്യാപകൻ വികാസ് സിരിൽ ആണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. ഡാൻസ് ചെയ്യാൻ നിർദ്ദേശിച്ചിട്ടും വിദ്യാർത്ഥികൾ തയ്യാറാകാഞ്ഞതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. മർദ്ദനവിവരം വിദ്യാർത്ഥികൾ പ്രധാനാധ്യാപകനെ അറിയിച്ചിട്ടും കാര്യമുണ്ടായില്ല. വിദ്യാർത്ഥികളെ തല്ലാനാണ് അദ്ദേഹവും പറഞ്ഞത്.
രോഷാകുലരായ മാതാപിതാക്കൾ സ്കൂളിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തി. കുട്ടികളുടെ ഭാവി വച്ച അധ്യാപകർ പന്താടുകയാണെന്നും നീതി വേണമെന്നും അവർ ആവശ്യപ്പെട്ടു. അധ്യാപകർ മൃഗങ്ങളെപ്പോലെയാണ് കുട്ടികളോട് പെരുമാറുന്നതെന്നും മാതാപിതാക്കൾ ആരോപിച്ചു. സ്കൂളിൽ സമാന രീതിയിലുള്ള സംഭവങ്ങൾ മുമ്പും നടന്നിട്ടുണ്ട്. മാതാപിതാക്കൾ പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചു. 13 വിദ്യാർത്ഥികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. അതിനിടെ. മാതാപിതാക്കളുടെ പരാതിയിന്മേൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അന്വേഷണസംഘത്തെ നിയോഗിച്ചു. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.