ന്യൂഡൽഹി∙ മതിയായ കാരണങ്ങളില്ലാതെ ജീവിതപങ്കാളിക്ക് ദീർഘകാലം ശാരീരിക ബന്ധം നിഷേധിക്കുന്നത് മാനസികമായ ക്രൂരതയെന്ന് അലഹാബാദ് ഹൈക്കോടതി. വാരാണസി സ്വദേശിയുടെ വിവാഹമോചന കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. പരാതിക്കാരന് കോടതി വിവാഹമോചനം അനുവദിച്ചു. ജസ്റ്റിസുമാരായ സുനീത് കുമാർ, രാജേന്ദ്രകുമാർ എന്നിവരുടേതാണ് ഉത്തരവ്.
കുടുംബപരവും ദാമ്പത്യപരവുമായ ഉത്തരവാദിത്തങ്ങളെല്ലാം ഭാര്യ നിഷേധിച്ചുവെന്നും ഇത് പരാതിക്കാരനെ മാനസിക പീഡനത്തിലാക്കിയെന്നും കോടതി നിരീക്ഷിച്ചു. 2005ൽ വാരാണസി കുടുംബകോടതി തള്ളിയ വിവാഹമോചന ഹർജിക്കെതിരെയാണ് അലഹാബാദ് ഹൈക്കോടതിയെ പരാതിക്കാരൻ സമീപിച്ചത്. വാരണാസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവ് ആണ് ഭാര്യ ആശാദേവിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടത്.
1979ലായിരുന്നു ഇവരുടെ വിവാഹം. ദിവസങ്ങൾക്കകം ഭാര്യയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റമുണ്ടായി. ഒരു ദിവസം, സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് പോയ അവർ പിന്നീട് മടങ്ങിവന്നില്ല. ആറുമാസത്തിനു ശേഷം മടക്കിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതേ തുടർന്ന് 1994ൽ നാട്ടുപഞ്ചായത്ത് പരസ്പര സമ്മതത്തോടെ വിവാഹമോചനം അനുവദിച്ചു. ജീവനാംശമായി 22,000 രൂപ നൽകിയതായും പരാതിക്കാരൻ പറഞ്ഞു. 2005ൽ വിവാഹമോചനം ആവശ്യപ്പെട്ട് പരാതിക്കാരൻ വാരാണസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഭാര്യ ഹാജരാകാത്തതിനാൽ ഹർജി കോടതി തള്ളുകയായിരുന്നു.