ദില്ലി: ഗവർണറുടെ അനുമതി കിട്ടിയാൽ ഉത്തരാഖണ്ഡിൽ എക സിവിൽ കോഡ് നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ലിവിംഗ് ടുഗെതർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയത് യുവാക്കളുടെ നന്മയെ കരുതിയാണെന്ന് ധാമി പറഞ്ഞു. ബന്ധത്തിലുള്ള പങ്കാളികൾക്ക് ദോഷകരമായി ഒന്നും സംഭവിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെയാണ് ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്. രാജ്യത്ത് യുസിസി ബിൽ പാസാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നടപടിയെ വിമർശിച്ചു. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാൻ നിയമത്തിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംങ് ധാമി പറഞ്ഞു. സംസ്ഥാനങ്ങളിലൂടെ ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിനാണ് ഉത്തരാഖണ്ഡിലൂടെ തുടക്കമാകുന്നത്. രണ്ട് ദിവസം നീണ്ട ചർച്ചയ്ക്ക് ശേഷം ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇനി ഗവർണർ ഒപ്പിടുന്നതോടെ ബിൽ നിയമമാകും. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നീക്കത്തെ എതിർത്തു, ബിൽ ആദ്യം സെലക്ട് കമ്മറ്റിക്ക് വിടണമായിരുന്നു എന്നും, വേണ്ടത്ര ചർച്ച നടന്നിട്ടില്ലെന്നും കോൺഗ്രസ് വിമർശിച്ചിരുന്നു.