അരൂർ: ബോട്ടുകളുടെ രജിസ്ട്രേഷനും സർവേ സർട്ടിഫിക്കേഷനും അനിശ്ചിതമായി വൈകുന്നതിനെതിരെ ബോട്ട് നിർമാതാക്കൾ ഹൈകോടതിയിൽ ഹരജി നൽകി. താനൂർ ബോട്ട് ദുരന്തത്തിനുശേഷം പുതിയ ബോട്ടുകൾക്ക് സർവേ നടത്താനും ആവശ്യമായ സർട്ടിഫിക്കറ്റ് നൽകാനും മാരിടൈം ബോർഡ് ഉദ്യോഗസ്ഥർ വിമുഖത കാണിക്കുന്നതായാണ് ആരോപണം. ഹരജി സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.ബോട്ട് ബിൽഡേഴ്സ് അസോ. ഓഫ് കേരളയും ഒമ്പത് ബോട്ട് നിർമാതാക്കളുമാണ് നടപടി വേഗത്തിലാക്കാൻ മാരിടൈം ബോർഡിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2021ൽ ഇൻലാൻഡ് വെസൽസ് ആക്ട് നിലവിൽ വന്നിട്ടും സംസ്ഥാന സർക്കാർ ബന്ധപ്പെട്ട ചട്ടങ്ങൾ രൂപവത്കരിക്കാത്തത് ബോട്ടുടമകൾക്ക് പ്രയാസമുണ്ടാക്കുന്നതായി ഹരജിയിൽ പറയുന്നു. കേന്ദ്രസർക്കാർ ചില നിയമങ്ങൾ രൂപപ്പെടുത്തിയിരുന്നുവെങ്കിലും അവക്കുപോലും അന്തിമ രൂപമായിട്ടില്ല. ഈ കാലതാമസം നിർമാതാക്കൾക്ക് കടുത്ത സാമ്പത്തികനഷ്ടം മാത്രമല്ല, നിരവധിപേർക്ക് തൊഴിലില്ലാതാക്കുകയും ചെയ്തു.