പത്തനംതിട്ട : ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ കെ യു ജനീഷ്കുമാർ എം എൽ എക്കെതിരെ രൂക്ഷവിമർശനം. എം എൽ എയുടെ സ്ഥിരം ശബരിമല ദർശനം തെറ്റായ സന്ദേശം നൽകുന്നുവെന്നാണ് വിമർശനം ഉയർന്നത്. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്തെ പാർട്ടി നിലപാടുകൾക്ക് വിപരീതമാണ് എം എൽ എയുടെ സമീപനം എന്നും വിമർശനം ഉയർന്നു. സന്നിധാനത്ത് പോയി കൈക്കൂപ്പി നിൽക്കുന്നതിലൂടെ എം എൽ എ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് പ്രതിനിധികൾ ചോദിച്ചു. ഡി വൈ എഫ് ഐയുടെ കേന്ദ്ര കമ്മിറ്റി അംഗത്തിൽ നിന്നുണ്ടാകേണ്ട സമീപനമല്ല ഇതെന്നും കോഴിക്കോട് നിന്നുള്ള പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. ഈ വിമർശനത്തിന് മറ്റിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൈയ്യടിച്ച് പിന്തുണച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനും അഖിലേന്ത്യ അധ്യക്ഷൻ എഎ റഹീമിനും വിമർശനം ഉണ്ടായിരുന്നു. സംഘടനയിൽ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാൻ രണ്ടും നേതാക്കളും ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. മുഹമ്മദ് റിയാസ്, എഎ റഹിം, എസ് സതീഷ് എന്നിവരടങ്ങുന്ന കോക്കസ് ആണ് സംഘടനയെ നയിക്കുന്നതെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. പ്രവർത്തന റിപ്പോർട്ടിൽ സംഘടനയുടെ പോരായ്മകളും വിമർശനങ്ങളും ഉൾപ്പെടുത്തിയിട്ടിലെന്നും ആരോപണം ഉയർന്നു. സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചു.
ഇന്നലെ രാവിലെ സംഘടന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചതിന് ശേഷം നടന്ന പൊതുചർച്ചയിലാണ് പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്. നേരത്തെ ജില്ലാ സമ്മേളനങ്ങളിലും എ.എ.റഹീമിനെതിരെ സമാനമായ വിമർശനം പലയിടത്തും ഉയർന്നിരുന്നു. ഒടുവിൽ സംസ്ഥാന സമ്മേളനത്തിലേക്ക് എത്തിയപ്പോൾ റഹീമിനെ കൂടാതെ മുൻ അഖിലേന്ത്യ അധ്യക്ഷൻ മുഹമ്മദ് റിയാസിനും നിലവിലെ സംസ്ഥാന അധ്യക്ഷൻ എസ്.സതീശനും സമാന വിമർശനം നേരിടേണ്ടി വന്നു. മൂന്ന് നേതാക്കളും ചേർന്നുള്ള കോക്കസ് സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്ക് സംഘടനയെ ഉപയോഗിക്കുന്ന നില വന്നെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
മുൻകാലങ്ങളിൽ സ്വയം വിമർശനം നടത്തിയിരുന്ന സംഘടനാ റിപ്പോർട്ടിൽ ഇക്കുറി അങ്ങനെയൊരു ആത്മപരിശോധന ഇല്ലെന്നും ചില പ്രതിനിധികൾ കുറ്റപ്പെടുത്തി. സംസ്ഥാനത്താകെയുള്ള ലഹരിമാഫിയയെ പ്രതിരോധിക്കാൻ കണ്ണൂരിൽ ഡിവൈഎഫ്ഐ നടത്തുന്ന പോരാട്ടം മറ്റു ജില്ലകളിലേക്കും വ്യാപിക്കണമെന്നും കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞിരുന്നു. എന്നാൽ പലയിടത്തും ലഹരിമാഫിയക്കാരും ഗുണ്ടാസംഘടനകളും സംഘടനയെ പ്രവർത്തനങ്ങൾക്ക് മറയാക്കുന്നുവെന്ന വിമർശനം ചർച്ചയിൽ ഉണ്ടായി. സംഘടനയുടെ പേരിൽ ചിലർ സ്വന്തം ആവശ്യങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്ന നിലയുണ്ടെന്നും വിമർശനം ഉയർന്നു,
തിരുവനന്തപുരത്ത് ക്വട്ടേഷൻ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിട്ട ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടിട്ടും സംഘടനക്കുള്ളിൽ ക്വട്ടേഷൻ പിടിമുറുക്കുന്നതായി പ്രതിനിധികൾ ആക്ഷേപം ഉന്നയിച്ചു. ഡിവൈഎഫ്ഐയുടെ പേര് മറയാക്കി ചിലയിടങ്ങളിൽ സാമൂഹിക വിരുദ്ധർ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. പല തവണ ഇത് കണ്ടെത്തിയിട്ടും തെറ്റുകൾ ആവർത്തിക്കപ്പെടുകയാണെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.
ഡിവൈഎഫ്ഐയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഇന്നലെയാണ് പത്തനംതിട്ടയിൽ തുടങ്ങിയത്. സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പതാക ഉയർത്തി. എഴുത്തുകാരനും ഇടത് സഹയാത്രികനുമായ സുനിൽ പി.ഇളയിടം പ്രതിനിധി സമേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന – കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 609 പേരാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രായപരിധി കർശനമാക്കുന്നതോടെ നിലവിലെ ഭാരവാഹികളിൽ പകുതിയിലധികം ആളുകളും ഒഴിയും. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വി കെ സനോജ് തുടരും .30 ന് നടക്കുന്ന സമാപന സമ്മേളനവും യുവജന റാലിയും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും