ദില്ലി : യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം നീക്കിയത്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുക്രൈനിലെ യുദ്ധഭീതി കണക്കിലെടുത്താണ് തീരുമാനം. റഷ്യ-യുക്രൈൻ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നിരുന്നു. യുക്രൈനിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിദേശകാര്യ മന്ത്രാലയം. എത്രയും വേഗം യുക്രൈൻ വിടാൻ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു. അത്യാവശ്യ കാര്യത്തിനല്ലാതെ അവിടെ തുടരുന്ന ഇന്ത്യക്കാർ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു നിർദേശം. അനുദിനം സാഹചര്യങ്ങൾ മോശമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ പൗരന്മാർക്ക് എംബസി അടിയന്തര അറിയിപ്പ് നൽകിയത്. യുക്രൈനിലേക്കുള്ള താത്കാലിക യാത്രകളും ഒഴിവാക്കണം.
എന്നാൽ യുക്രൈനിലുള്ള ഇന്ത്യൻ എംബസി താത്കാലികമായി അടയ്ക്കില്ല. അവിടെ ഇപ്പോഴും തുടരുന്ന ഇന്ത്യക്കാർ എന്ത് ആവശ്യമുണ്ടെങ്കിലും എംബസിയുമായി ബന്ധപ്പെടണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, യുക്രൈൻ അതിർത്തിയിൽ നിന്ന് റഷ്യ സൈനിക പിന്മാറ്റം പ്രഖ്യാപിച്ചു. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിന്ന് പിന്മാറുന്നതായാണ് പ്രഖ്യാപനം. യുക്രൈൻ അതിർത്തിയിൽനിന്നുള്ള സേന പിന്മാറ്റത്തിന്റെ ദൃശ്യം റഷ്യ പുറത്തുവിട്ടു. അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ചെന്നും യുദ്ധത്തിന് ആഗ്രഹമില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ പറഞ്ഞിരുന്നു.
എന്നാൽ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ചെന്നും യുദ്ധത്തിന് ആഗ്രഹമില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. യുദ്ധത്തിനുള്ള സാധ്യത ഈ നിമിഷത്തിലും തള്ളിക്കളയാനാകില്ലെന്നാണ് ബൈഡൻ പ്രതികരിച്ചത്.