ഗാസ : ഇസ്രയേലി ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ വിട്ടയക്കലും വെടിനിർത്തലിന്റെ മൂന്നാം ദിവസമായ ഇന്നലെയും തുടർന്നു. 13 ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചപ്പോൾ പലസ്തീൻകാരായ 39 തടവുകാരെ ഇസ്രയേലും വിട്ടയച്ചു. ഹമാസ് ബന്ദിയാക്കിയ റഷ്യൻ പൗരത്വമുള്ള വ്യക്തിയെയും ഇന്നലെ വിട്ടയച്ചു. തായ്‌ലൻഡ് സ്വദേശികളായ ഇരുപതോളം ബന്ദികളെയും ഹമാസ് നേരത്തേ വെടിനിർത്തൽ കരാറിന്റെ ഭാഗമല്ലാതെ മോചിപ്പിച്ചിരുന്നു.
ഖത്തറിലെ രാജ്യാന്തര സഹകരണ സഹമന്ത്രി ലോൽവ റഷീദ് അൽ ഖാത്തേർ ഇന്നലെ ഗാസ സന്ദർശിച്ചു. വെടിനിർത്തൽ നീട്ടാമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു. ഇസ്രയേലിന്റെ കരാർ ലംഘനം ആരോപിച്ച് ഹമാസ് നേതാക്കൾ ശനിയാഴ്ചത്തെ ബന്ദി മോചനം മണിക്കൂറുകളോളം വൈകിപ്പിച്ചിരുന്നു.
ഖത്തറും ഈജിപ്തും ഇടപെട്ടു നടത്തിയ ചർച്ചകളുടെ ഫലമായി അർധരാത്രിയോടെയാണ് 13 ഇസ്രയേലി ബന്ദികളെയും 4 തായ്‌ലൻഡ് സ്വദേശികളെയും ഹമാസ് മോചിപ്പിച്ചത്. 39 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ജീവകാരുണ്യസഹായവുമായെത്തിയ 120 ട്രക്കുകൾ കൂടി ഇന്നലെ ഗാസയിൽ പ്രവേശിച്ചു.