മസ്കത്ത് : മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഒമാന്‍റെ ബജറ്റ് എയർ വിമാനമായ സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് സർവീസ് പുനഃരാരംഭിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂർ, ലഖ്‌നൗ എന്നീ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് ഡിസംബർ അഞ്ച് മുതൽ മസ്കത്തിൽ നിന്ന് നേരിട്ട് സർവീസ് നടത്തും. ഒക്ടോബർ ഒന്ന് മുതൽ ഈ റൂട്ടുകളിൽ നിന്ന് സലാം എയർ പൂർണമായും പിൻവാങ്ങിയിരുന്നു. ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവീസ് നിർത്തുന്നതെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഇതാണിപ്പോൾ പുനഃരാരംഭിക്കാൻ പോകുന്നത്. ടിക്കറ്റ് ബുക്കിങ്ങ് നടപടികൾ വരും ദിവസങ്ങളിൽ തുടങ്ങും. ഒമാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സി.എ.എ) പിന്തുണയും ഒമാൻ എയറുമായുള്ള സഹകരണവുമാണ് ഇന്ത്യൻ സെക്ടറിലേക്ക് സർവീസുകൾ പുനഃരാരംഭിക്കാൻ സഹായിച്ചതെന്ന് സലാം എയർ പ്രസ്താവനയിൽ പറഞ്ഞു.