തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തുവെന്ന പരാതി ലോകായുക്ത ഇന്ന് പരിഗണിക്കും. ലോകായുക്തയുടെ ഫുള്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് മൂന്നംഗ ബഞ്ചിന് വിടാനുള്ള ലോകായുക്ത തീരുമാനത്തെ ചോദ്യം ചെയ്ത് പരാതിക്കാരന്‍ ആർ.എസ് ശശികുമാർ നല്‍കിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ലോകായുക്തയുടെ മൂന്ന് പേരടങ്ങുന്ന ബഞ്ച് കേസില്‍ വാദം കേള്‍ക്കുന്നത്. ഹർജിക്കാരന് വേണ്ടി അഭിഭാഷകൻ ജോർജ് പൂന്തോട്ടവും സർക്കാരിനുവേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ ഷാജിയും ഹാജരാവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് അനധികൃതമായി രാഷ്ട്രീയക്കാർക്ക് നല്‍കി എന്നതാണ് ലോകായുക്തക്ക് മുന്നിലുള്ള പരാതി. ‘
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന പരാതി ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്നും കോടതി വിലയിരുത്തി. പരാതിയിൽ വിശദമായി വാദം കേട്ടശേഷം മൂന്നംഗ ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ശരി വച്ചത്. ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്നാരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയായിരുന്നു പരാതി. പരാതി വിശദമായി പരിഗണിക്കാൻ ഫുൾ ബെഞ്ചിലേക്ക് വിട്ടുകൊണ്ടായിരുന്നു ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ പരാതിക്കാരനായ ആർ എസ് ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കും എതിരെയാണ് കേസ്. എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ കെ കെ രാമചന്ദ്രന്‍റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി.