ദില്ലി : വർഗീയ വിവേചനത്തിന്റെ വാർത്തകൾ ഇന്നൊരു പതിവ് സംഭവമാണ്. ഇതിന് വിപരീതമായി സാമൂഹിക സൗഹാർദ്ദത്തിന്റെയും, പരസ്പര സാഹോദര്യത്തിന്റെയും മഹിമ വിളിച്ചോതുന്ന ഒരു പ്രവർത്തിയാണ് ബിഹാറിൽ നിന്ന് പങ്കുവെയ്ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രം നിർമിക്കുന്നതിനായി തങ്ങളുടെ ഭൂമി നൽകിയിരിക്കുകയാണ് ഒരു മുസ്ലീം കുടുംബം. സംസ്ഥാനത്തെ കിഴക്കൻ ചമ്പാരൻ ജില്ലയിലാണ് മാതൃകാപരമായ സംഭവം. ക്ഷേത്രം പണിയുന്നതിന് 2.5 കോടി രൂപയുടെ ഭൂമി ഇഷ്‌തയാഖ് അഹമ്മദ് ഖാന്റെ കുടുംബം ട്രസ്റ്റിന് കൈമാറി. ഇഷ്തായാഖ് അഹമ്മദ് ഖാന്റെ കുടുംബം ജമീന്ദാർ കുടുംബത്തിൽ പെട്ടതാണ്. ആസാമിലെ ഗുവാഹത്തിയിലാണ് ഇഷ്തായാഖ് അഹമ്മദ് വ്യാപരം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ഗ്രാമത്തിൽ പണിയുന്നത്. നമ്മൾ പിന്തുണച്ചില്ലെങ്കിൽ പിന്നെ ആരു പിന്തുണക്കും? ഒരുമിച്ച് നിന്നാൽ ആർക്കും നമ്മെ ഭിന്നിപ്പിക്കാൻ കഴിയില്ലെന്നും ഇഷ്‌തയാഖ് അഹമ്മദ് പറയുന്നു.
ഹിന്ദു ക്ഷേത്രത്തിങ്ങളിൽ വെച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അമ്പലമാണ് ഇത്. രാമായണ ക്ഷേത്രത്തിന്റെ ഉയരം 270 അടിയാണ്. കിഴക്കൻ ചമ്പാരനിലെ കൈത്വാലിയയിൽ നിർമിക്കുന്ന വിരാട് രാമായണ ക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥാപിക്കും. 33 അടി ഉയരവും 33 അടി വ്യാസവുമുള്ള ശിവലിംഗമാണ് നിർമിക്കുന്നത്. ബ്ലാക്ക് ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച ഈ ശിവലിംഗം ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗമായിരിക്കും. അയോധ്യയിൽ നിന്ന് ജനക്പൂരിലേക്ക് നിർമ്മിക്കുന്ന രാം-ജാനകി റോഡ് ഈ മഹത്തായ രാമായണ ക്ഷേത്രത്തിലൂടെയാണ് കടന്നുപോകുന്നത്. കുങ്കുമ ബുദ്ധ സ്തൂപവും ഈ റൂട്ടിൽ സ്ഥിതി ചെയ്യുന്നു.