ഡല്‍ഹി; ബിജെപിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നം ആണെന്ന് മുസ്ലീം ലീഗ്. മതപരമായ ചിഹ്നവും, പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരായ ഹര്‍ജിയില്‍ ബിജെപിയെ കക്ഷി ചേര്‍ക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. മതങ്ങളുടെ പേരും ചിഹ്നവും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് മുതിര്‍ന്ന അഭിഭാഷകര്‍ ദുഷ്യന്ത് ദവെ ജസ്റ്റിസ് എംആര്‍ ഷായും ജസ്റ്റിസ് സി ടി രവികുമാറും അടങ്ങുന്ന ബെഞ്ചിനോട് ഇക്കാര്യം അറിയിച്ചത്.
മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്ലീം ലീഗ്, ഹിന്ദു ഏകതാ ദള്‍, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വിയാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ശിവസേന, ശിരോമണി അകാലിദള്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ മതം ഉണ്ടെങ്കിലും അവരെ ഹര്‍ജിക്കാരന്‍ ബോധപൂര്‍വ്വം ഹര്‍ജിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്ന് മുസ്ലീം ലീഗ് നേരത്തെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.