കഴിഞ്ഞ മാസം അവസാനം കാണാതായ മനുഷ്യന്റെ ശരീരാവശിഷ്ടം സ്രാവിന്റെ വയറ്റിൽ. അർജന്റീനക്കാരനായ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങളാണ് സ്രാവിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത്. അർജന്റീനയിലെ ചുബുട്ട് പ്രവിശ്യയുടെ തെക്കൻ തീരത്ത് വച്ചാണ് 32 -കാരനായ ഡീഗോ ബാരിയയെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാണാതായത്. ഫെബ്രുവരി 20 -ന് തിരച്ചിൽ സംഘം അദ്ദേഹത്തിന്റെ തകർന്ന എടിവി (All-terrain vehicle) കണ്ടെത്തി.
എടിവിക്കൊപ്പം തന്നെ തകർന്ന ഹെൽമറ്റും സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഫെബ്രുവരി 26 ഞായറാഴ്ച, രണ്ട് മത്സ്യത്തൊഴിലാളികൾ ഇതേ സ്ഥലത്തിന് സമീപത്ത് വച്ച് മൂന്ന് സ്രാവുകളെ പിടികൂടി. ഈ സ്രാവുകളെ വൃത്തിയാക്കുന്നതിനിടയിലാണ് അവർ ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കണ്ടത്. സ്രാവിന്റെ വയറ്റിൽ മനുഷ്യന്റെ ശരീരാവശിഷ്ടങ്ങളാണ് ഇവർ കണ്ടെത്തിയത്. ഇത് കണ്ട് ഞെട്ടിയ മത്സ്യത്തൊഴിലാളികൾ അധികൃതരെ വിവരം അറിയിച്ചു.
ഓഫീസറായ ഡാനിയേല മിലാട്രൂസിനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. ഡാനിയേല പറഞ്ഞത് മിക്കവാറും ബാരിയയുടെ വാഹനം അപകടത്തിൽ പെട്ടതാകാം. മറ്റേതെങ്കിലും വാഹനങ്ങൾ ഈ അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കും എന്നാണ്.
സ്രാവിന്റെ വയറ്റിൽ നിന്നും കിട്ടിയത് ബാരിയയുടെ മൃതദേഹമാണ് എന്ന് തിരിച്ചറിഞ്ഞത് കയ്യിൽ ചെയ്തിരുന്ന ടാറ്റൂവിന്റെ സഹായത്തോടെയാണ്. വീട്ടുകാരാണ് അത് തിരിച്ചറിഞ്ഞത്. മൃതദേഹം ബാരിയയുടെ തന്നെയാണോ എന്ന് അറിയുന്നതിന് വേണ്ടി ഡിഎൻഎ ടെസ്റ്റ് നടത്തും.
രണ്ട് സാധ്യതകളാണ് യുവാവ് സ്രാവിന്റെ വയറ്റിൽ അകപ്പെടാൻ ഉള്ളത് എന്ന് പൊലീസ് പറയുന്നു. ആദ്യത്തേത് അയാൾക്ക് പരിക്കേറ്റ് വീണതാവാം എന്നാണ്. രണ്ടാമത്തേത്, ശക്തമായ വേലിയേറ്റത്തിൽ തീരത്ത് കിടന്നിരുന്ന യുവാവ് വെള്ളത്തിലേക്ക് പോയിരിക്കാം എന്നാണ്. ഏതായാലും എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.