മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ പി എം എ സലാമിന്‍റെ പരാമർശത്തിൽ പ്രതിഷേധം കടുപ്പിച്ച് സമസ്തയുടെ പോഷക സംഘടനകൾ. അടിയന്തിര നടപടിയാവശ്യപ്പെട്ട് മുസ് ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ മതപണ്ഡിതരെ തുടർച്ചയായി അവഹേളിക്കുന്നത് തടയണമെന്നും കത്തിലുണ്ട്.
മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം മലപ്പുറത്ത് തട്ടം വിഷയത്തിൽ നടത്തിയ പരാമർശമാണ് ഏറെ വിവാദമായത്. വഖഫ് പ്രക്ഷോഭത്തിൽ സമസ്ത പുറകോട്ട് പോയതിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു സലാമിന്‍റ വാക്കുകൾ. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പിഎംഎ സലാമിനെതിരെ വ്യാപകമായ എതിർപ്പ് പ്രചരിക്കുന്നതിനിടെയാണ് സമസ്തയുടെ 21 പോഷക സംഘടനാ നേതാക്കൾ ഒപ്പിട്ട കത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും അയച്ചത്.
സമീപകാലത്ത് ലീഗ് ഉന്നത നേതാക്കൾ മതപണ്ഡിതരെ അവഹേളിക്കുന്നത് സ്ഥിരമാക്കിയെന്നും ഇത് തടയണമെന്നും കത്തിലുണ്ട്. ലീഗ് സംസ്ഥാന വൈസ പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി കഴിഞ്ഞ ദിവസം ധർമ്മടത്ത് നടത്തിയ പ്രസംഗത്തിൽ സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിനെതിരെ നടത്തിയ പരാമർശവും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ലീഗ് നേതൃത്വം ഇടപെട്ട് അടിയന്തിര പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് സമസ്ത പോഷക സംഘടനാനേതാക്കളുടെ തീരുമാനം. വഖഫ് പ്രശ്നത്തിൽ തുടങ്ങിയ ലീഗ് – സമസ്ത ഭിന്നത, ലോക് സഭ തെരഞ്ഞെടുപ്പ് അടുക്കുന്തോറും ലീഗ് കൂടുതൽ പ്രതിസന്ധിയാവുകയാണ്.