സ്ത്രീകൾക്ക് പുനർവിവാഹം അനുവദിക്കാത്ത ഒരു സമൂഹമായിരുന്നു നമ്മുടേത്. എന്നാൽ, അതൊക്കെ വളരെ കാലം മുമ്പാണ്. ഇന്ന് വിധവകളായ സ്ത്രീകൾ വീണ്ടും വിവാഹജീവിതം തെരഞ്ഞെടുക്കുന്നുണ്ട്. പക്ഷേ, അപ്പോഴും അത് അനുവദിക്കാത്ത ആളുകൾ ഇന്ത്യയുടെ പല ഭാഗത്തും ഉണ്ട്. സമാനമായ ഒരു സംഭവമാണ് അംറേലി ജില്ലയിലെ ബാബ്ര താലൂക്കിലെ ഗഡ്‌കോട്ടി ഗ്രാമത്തിലും നടന്നിരിക്കുന്നത്.
35 -കാരിയായ ഒരു സ്ത്രീയെ അവളുടെ മുൻ ഭർത്താവിന്റെ വീട്ടുകാർ ക്രൂരമായി വടിയെടുത്ത് തല്ലിച്ചതക്കുകയും, ഉപദ്രവിക്കുകയും, നിർബന്ധിതമായി അവളുടെ തല പിടിച്ച് മൊട്ടയടിക്കുകയും ചെയ്‍തു. ഇതിനും മാത്രം എന്താണ് ആ 35 -കാരി ചെയ്തത് എന്നതല്ലേ? അവളുടെ മുൻ ഭർത്താവ് മരിച്ച ശേഷം വീണ്ടും വിവാഹിതയായി.
നാല് വർഷം മുമ്പ് ഒരു റോഡപകടത്തിലാണ് അവളുടെ ഭർത്താവ് മരിക്കുന്നത്. നാല് വർഷത്തിന് ശേഷം അവൾ വീണ്ടും വിവാഹിതയാവാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ വിവാഹിതയായ സ്ത്രീ മുൻ ഭർത്താവിന്റെ വീട്ടിലേക്ക് ഒരു സഹായവും അന്വേഷിച്ചാണ് ചെന്നത്. ആദ്യ ഭർത്താവിൽ അവൾക്ക് നാല് കുട്ടികളുണ്ട്. അതിൽ ഒരു കുട്ടിയെ നോക്കാമോ എന്നായിരുന്നു അവൾ ആ വീട്ടുകാരോട് അഭ്യർത്ഥിച്ചത്. എന്നാൽ, വീട്ടുകാർ പിന്നാലെ അവളെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ സ്ത്രീയുടെ മുൻ ഭർത്താവിന്റെ സഹോദരിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീയുടെ ഭർത്താവ് നാല് വർഷം മുമ്പ് മരിച്ചെന്നും നാല് കുട്ടികളോടൊപ്പം അവൾ തനിച്ചായിരുന്നെന്നും അംമ്രേലി പൊലീസ് പറഞ്ഞു. അങ്ങനെയാണ് അടുത്ത ഗ്രാമത്തിലുള്ള ഒരാളെ വിവാഹം കഴിക്കാൻ അവൾ തീരുമാനിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് കുഞ്ഞിനെ നോക്കുമോ എന്ന് അന്വേഷിക്കാൻ അവൾ മുൻ ഭർത്താവിന്റെ വീട്ടിൽ ചെന്നത്.
എന്നാൽ, അവളെ കണ്ടപ്പോൾ തന്നെ ആ വീട്ടുകാർ ക്ഷുഭിതരായി. മുറ്റത്ത് ഒരു തൂണിൽ ചേർത്തു നിർത്തി വടിയെടുത്ത് അടിക്കുകയും ചെയ്തു. കൂടാതെ തല മൊട്ടയടിക്കുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ അയൽക്കാരാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. പിന്നാലെ പൊലീസെത്തുകയായിരുന്നു.