ചർമത്തിൽ ചുളിവ് വീഴുന്നത് പലരെയും അസ്വസ്ഥരാക്കുന്നു. ചിലരിൽ അകാലത്തിൽ തന്നെ ഇങ്ങനെ സംഭവിക്കുന്നവരുണ്ട്. ഇതിനു പരിഹാരമായി വെളിച്ചെണ്ണ ഉപയോഗിക്കാനാവും. ചർമം മൃദുവാക്കാനും കൊളാജൻ ഉത്പാദനം വർധിപ്പിക്കാനും അയഞ്ഞ ചർമത്തിനു മുറുക്കം വരുത്താനും വെളിച്ചെണ്ണയ്ക്ക് സാധിക്കും. ചുളിവുകൾ മാറ്റി ചർമത്തിനു യുവത്വം നൽകാൻ എങ്ങനെയെല്ലാമാണ് വെളിച്ചെണ്ണ ഉപയോഗിക്കേണ്ടതെന്നു നോക്കാം.
രാത്രി ഉറങ്ങുന്നതിനു മുൻപ് തണുത്ത വെള്ളത്തിൽ മുഖം കഴുകിയതിനു ശേഷം നനവില്ലാത്ത ചർമത്തിൽ അൽപം വെളിച്ചെണ്ണ പുരട്ടുക. മുഖത്തും കഴുത്തിലും അൽപനേരം വൃത്താകൃതിയിൽ മസാജ് ചെയ്യുക. പിറ്റേദിവസം രാവിലെ കഴുകിക്കളയാം. ഇത് എല്ലാ ദിവസവും ചെയ്യാം.
ഒരു ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനഗർ ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ യോജിപ്പിച്ച് പഞ്ഞി ഉപയോഗിച്ചു മുഖത്തു പുരട്ടുക. ഉണങ്ങിയതിനു ശേഷം മുഖത്ത് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യാം. അടുത്ത ദിവസം രാവിലെ കഴുകിക്കളയാം
ഒരു വിറ്റമിൻ ഇ കാപ്സ്യൂൾ പൊട്ടിച്ചു വെളിച്ചെണ്ണയുമായി നന്നായി യോജിപ്പിക്കുക. കഴുകിയ മുഖം ഉണങ്ങിയ ശേഷം ഈ മിശ്രിതം പുരട്ടി അൽപനേരം മസാജ് ചെയ്യുക.
ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും അര ടീസ്പൂൺ തേനും യോജിപ്പിച്ചു വരണ്ടതും ചുളിവുള്ളതുമായ ഭാഗങ്ങളിൽ പുരട്ടാം. ഒരു മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം. ദിവസവും ഒരു തവണ ഇതു ചെയ്യുന്നതിലൂടെ ചർമത്തിന്റെ തിളക്കവും ആരോഗ്യവും സംരക്ഷിക്കാം.