ദില്ലി : കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖര്‍ഗെ റിമോട്ട് കണ്‍ട്രോളുപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. റിമോട്ട് പ്രവര്‍ത്തിക്കുമ്പോള്‍ സനാതന ധര്‍മ്മത്തെ അപമാനിക്കുമെന്നും നരേന്ദ്ര മോദി പരിഹസിച്ചു. പഞ്ചപാണ്ഡവരാണ് ബി ജെപി യെ നിയന്ത്രിക്കുന്നതെന്ന ഖർഗെയുടെ പരിഹാസത്തെ സ്വാഗതം ചെയ്യുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ബിജെപിയുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
നേതാക്കളെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന പരിപാടി കോണ്‍ഗ്രസ് നിര്‍ത്തിയിട്ടില്ല. നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ നിയന്ത്രിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷനെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കുകയാണ്. അദ്ദേഹത്തിന് കൂടുതലായി ഒന്നും ചെയ്യാനാകുന്നില്ല. റിമോട്ട് പ്രവര്‍ത്തിക്കുമ്പോള്‍ സനാതന ധര്‍മത്തെ അപമാനിക്കും. റിമോട്ട് പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ പഞ്ചപാണ്ഡവരാണ് ബി ജെപി യെ നിയന്ത്രിക്കുന്നതെന്നതുപോലെയുള്ള പരാമര്‍ശങ്ങള്‍ നടത്തും. പഞ്ചപാണ്ഡവര്‍ തെളിച്ച വഴിയിലൂടെ നടക്കാനാകുന്നതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.