ദില്ലി: റിമോട്ട് വോട്ടിംഗിൽ രാഷ്ട്രീയ പാർട്ടികൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം 31ൽ നിന്ന് ഫെബ്രുവരി 28ലേക്കാണ് മാറ്റിയത്. പ്രതിപക്ഷത്തിൻ്റെ കടുത്ത എതിർപ്പിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം. പ്രതിഷേധത്തെ തുടർന്ന് റിമോട്ട് വോട്ടിംഗ് മെഷീൻ ഇന്നലെ പരിചയപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.
അതത് സംസ്ഥാനങ്ങളിൽ വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് അവർക്ക് കഴിയുന്ന സംസ്ഥാനങ്ങളിൽ വോട്ട് ചെയ്യാൻ ഉള്ള സംവിധാനമാണ് വിദൂര വോട്ടിംങ അഥവാ റിമോട്ട് വോട്ടിംഗ്. ഇതിനായി ഒരു മെഷീൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപകൽപ്പന ചെയ്തിരുന്നു. 72 മണ്ഡലങ്ങളിലെ വോട്ടുകൾ ഒരുമിച്ച് ചെയ്യാവുന്നതാണ് മെഷീൻ. ഇത് പരിതചയപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചിരുന്നു. എട്ട് ദേശീയ പാർട്ടികളുടെയും 40 പ്രാദേശിക പാർട്ടികളുടെയും പ്രതിനിധികൾ പങ്കെടുത്തിരുന്നു. വലിയ പ്രതിഷേധമാണ് യോഗത്തിലുയർന്നത്. പാർട്ടി പ്രതിനിധികൾ ചോദിച്ച ചോദ്യങ്ങൾക്ക് പലതിനും വ്യക്തമായ ഉത്തരം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷനായില്ലെന്നാണ് പ്രതിനിധികൾ പറയുന്നത്.
ഉപതെരഞ്ഞെടുപ്പ് വന്നാൽ എന്ത് ചെയ്യും, മറ്റ് സംസ്ഥാനങ്ങളിൽ വോട്ടിംഗ് മെഷീന്റെ സുരക്ഷ എത്രമാത്രമാണ്, മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരുടെ കൃത്യമായ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചത്. എന്നാൽ ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ല. ഇതിനെ തുടർന്നാണ് ഇത്തരം കാര്യങ്ങളിൽ വ്യക്തതയില്ലാതെ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പശ്ചത്താലത്തിലാണ് അഭിപ്രായമറിയിക്കാനുള്ള സമയപരിധിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റം വരുത്തിയത്. മറ്റൊരു സംസ്ഥാനത്ത് റിമോട്ട് വോട്ടിംഗ് നടക്കുമ്പോൾ അവിടേക്ക് ബൂത്ത് ഏജന്റുമാരെ നിയോഗിക്കുന്നതടക്കമുള്ള സാമ്പത്തിക പ്രായോഗിക ബുദ്ധിമുട്ടുകളും പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ ഉന്നയിച്ചിരുന്നു.