അങ്കമാലി: പാറക്കടവ് പുളിയനം തൃവേണി പാടശേഖരത്തിൽ സിൽവർലൈൻ പദ്ധതിക്കായി സ്ഥാപിച്ച സർവേക്കല്ലുകൾ പിഴുതെറിഞ്ഞ സംഭവത്തിൽ 14 പേർക്കെതിരെ കേസെടുത്തു. പൊതുമുതൽ കൈയേറി നശിപ്പിച്ചതിനാണ് അങ്കമാലി പോലീസ് കേസെടുത്തത്. കെ-റെയിൽ വിരുദ്ധ ജനകീയ സമിതി ചെയർമാൻ എം.ബി. ബാബുരാജ്, സംസ്ഥാന കൺവീനർ എസ്. രാജീവൻ, വാർഡ് അംഗം നിഥിൻ സാജു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിൻ പാത്താടൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയുമാണ് കേസ്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ആലുവ ഡിവൈ.എസ്.പി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംരക്ഷണത്തിലാണ് വിളവെടുപ്പിന് പാകമായ പാറക്കടവ് പഞ്ചായത്തിലെ 16ാം വാർഡിൽപെട്ട നെൽവയലിൽ 15 സർവേക്കല്ലുകൾ സ്ഥാപിച്ചത്. കല്ലുകൾ സ്ഥാപിക്കുന്നതിനെ ചെറുത്ത കോൺഗ്രസ് നേതാക്കളെയടക്കം പോലീസ് ബലമായി പിടിച്ചുനിർത്തിയ ശേഷമാണ് കെ-റെയിൽ അധികൃതർക്ക് കല്ല് സ്ഥാപിക്കാൻ സൗകര്യം ചെയ്തുകൊടുത്തത്. നെൽവയൽ ഉടമകളെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാതെയായിരുന്നു നെൽക്കതിരുകൾക്കിടയിൽ കല്ലുകൾ കുഴിച്ചിട്ടത്.
സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു നാട്ടുകാരുടെ സഹകരണത്തോടെ കെ-റെയിൽ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ വെള്ളിയാഴ്ച രാവിലെ വയലിലെത്തി സർവേക്കല്ലുകൾ പിഴുതെറിഞ്ഞത്.