തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികക്ക് അന്തിമരൂപം നൽകാൻ സി.പി.ഐ എക്സിക്യൂട്ടിവ് -കൗൺസിൽ യോഗങ്ങൾ തിങ്കളാഴ്ച ചേരും. രാവിലെ എക്സിക്യൂട്ടീവും ഉച്ചക്കുശേഷം കൗൺസിൽ യോഗവുമാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചേർന്ന നേതൃയോഗങ്ങളിൽ പ്രാഥമിക ധാരണയിലെത്തിയിരുന്നു. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ സി.എ. അരുൺകുമാർ, തൃശൂരിൽ വി.എസ്. സുനിൽകുമാർ, വയനാട്ടിൽ ആനി രാജ എന്നീ പേരുകളിലേക്കാണ് ചർച്ച കേന്ദ്രീകരിച്ചത്.
മാവേലിക്കരയിലൊഴികെ ഇതിന് ഏറെക്കുറെ അംഗീകാരമായിക്കഴിഞ്ഞു. മാവേലിക്കരയിലെ സ്ഥാനാർഥിത്വത്തിൽ പാർട്ടിയിൽ പുനരാലോചന സജീവമാണ്. അരുണിനൊപ്പം ചിറ്റയം ഗോപകുമാർ, സി.കെ. ആശ എന്നിവരുടെ പേരുകളും ഇപ്പോൾ പരിഗണിക്കുന്നു. ആലപ്പുഴ, കൊല്ലം ജില്ലകൾക്ക് വ്യത്യസ്ത അഭിപ്രായമാണ്. പാർട്ടി ആലോചിക്കും മുമ്പേ പാർട്ടിയിലെ തന്നെ വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രൊപഗണ്ട സ്വഭാവത്തിൽ സ്ഥാനാർഥി പ്രഖ്യാപനവും പ്രചാരണവുമുണ്ടാകുന്നുവെന്ന വിമർശനം സി.പി.ഐക്കുള്ളിൽ തന്നെ ശക്തമാണ്. തിരുവനന്തപുരവും വയനാടുമൊഴികെ രണ്ടിടത്തും ഇത്തരം പ്രവണതയുണ്ടായെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ‘ഇന്നയാൾ സ്ഥാനാഥിയായില്ലെങ്കിൽ വിജയിക്കില്ല’ എന്ന സ്വഭാവത്തിലാണത്രെ പ്രചാരണം.
ഇങ്ങനെ സ്വയം പ്രഖ്യാപിത നീക്കങ്ങളുണ്ടാകുന്നത് അയോഗ്യതയായി പരിഗണിക്കണമെന്നും പാർട്ടിക്കുള്ളിൽ തന്നെ ആവശ്യമുണ്ട്. ഇക്കാര്യങ്ങൾ ചൂട് പിടിക്കുന്നതിനിടെയാണ് നേതൃയോഗങ്ങൾ ചേരുന്നത്. സ്ഥാനാർഥി പട്ടിക ദേശീയ കൗൺസിലിന്റെ അനുമതിയോടെ പ്രഖ്യാപിക്കും. തിങ്കളാഴ്ച രാവിലെ സി.പി.എം-സി.പി.ഐ നേതൃ യോഗവും ചേരുന്നുണ്ട്. 27ന് എൽ.ഡി.എഫ് ചേർന്ന ശേഷം മുന്നണി സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.