ആലപ്പുഴ : ആലപ്പുഴയുടെ പുതിയ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. ജില്ലയിലെ 53ാമത്തെ കളക്ടറാണ് രേണു രാജ്. ആലപ്പുഴ കളക്ടറായിരുന്ന എ.അലക്സാണ്ടർ വിരമിക്കുന്നതോടെയാണ് രേണുവിന്റെ നിയമനം. പുതിയ കളക്ടറെ എഡിഎം ജെ മോബിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മാതാപിതാക്കൾക്കൊപ്പമാണ് രേണു രാജ് കളക്ടറേറ്റിലെത്തിയത്. അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങിയാണ് രേണു ചുമതലയേറ്റത്. 2015 ഐഎഎസ് ബാച്ചിൽപെട്ട ഓഫീസറാണ് രേണു രാജ്. നഗരകാര്യ വകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, കേന്ദ്ര പട്ടികവർഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, തൃശൂരിലും ദേവികുളത്തും സബ് കലക്ടർ, എറണാകുളം അസിസ്റ്റന്റ് കലക്ടർ എന്നീ ചുമതലകളിലും രേണു പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ എട്ടാമത്തെ വനിതാ കളക്ട കൂടിയാണ് രേണു. ആലപ്പുഴ കളക്ടറായി രേണു ചുമതലയേൽക്കുന്നതോടെ സംസ്ഥാനത്തെ 10 ജില്ലകളുടെ തലപ്പത്ത് വനിത കളക്ടർമാർ എന്ന പ്രത്യേകത കൂടി സംഭവിക്കുകയാണ്. പിതാവ് രാജകുമാരൻ നായർ, മാതാവ് വി.എൻ.ലത, സഹോദരി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ റസിഡന്റായ ഡോ. രമ്യ രാജ്.