തിരുവനന്തപുരം : ഒടുവില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് സമഗ്രമായി പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നു. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ തന്നെ ആലോചിക്കുകയും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും പല കാരണങ്ങളാല്‍ പുനഃസംഘടന നീളുകയായിരുന്നു. പുനഃസംഘടനയുടെ ഭാഗമായി പുതിയ ഓഡിറ്റ് വിഭാഗം രൂപീകരിച്ച് 750 ഉദ്യോഗസ്ഥരെ അതിലേക്ക് വിന്യസിക്കും. ഇന്റലിജന്‍സ് വിഭാഗത്തിനും മുന്‍തൂക്കം നല്‍കും. വിശദാംശങ്ങള്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിക്കും. ജിഎസ്ടി വരുമാനം പ്രതീക്ഷിച്ചതുപോലെ ഉയരാത്തതിന് ഒരു കാരണം നികുതി ചോര്‍ച്ചയാണെന്ന വിലയിരുത്തലിലാണ് ധനവകുപ്പ്. നികുതി ചോര്‍ച്ച കണ്ടെത്താന്‍ ഓഡിറ്റിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിലേക്ക് നീങ്ങുകയാണ് വകുപ്പ്. ഓഡിറ്റ് വിഭാഗം രൂപീകരിച്ച് അതിലേക്ക് കൊണ്ടുവരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജിഎസ്ടി റിട്ടേണ്‍ ഓഡിറ്റ് ചെയ്യാനുള്ള പരിശീലനം നല്‍കും.
അങ്ങനെ നികുതി വെട്ടിപ്പും കുടിശികയും കണ്ടെത്താന്‍ കഴിയും. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. ആദ്യഘട്ട പരിശീലനത്തിനുശേഷം ദേശീയ, രാജ്യാന്തര തലത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹായവും ലഭ്യമാക്കും. സ്‌ക്വാഡുകള്‍ വാഹനങ്ങളെ പിന്തുടര്‍ന്നു പിടിക്കുന്നതിനു പകരം ഇന്റലിജന്‍സ് സംവിധാനം ശക്തമാക്കാനാണ് തീരുമാനം. ഇ-വേബില്ലിന്റെ കൃത്യമായ പരിശോധനയിലൂടെ വെട്ടിപ്പ് തടയാനാകുമെന്നും വകുപ്പ് കരുതുന്നു. ഒരേ ഇ- വേബില്‍ ഉപയോഗിച്ച് പത്തുതവണ സാധനം കൊണ്ടുവന്നതു പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് സഹായിക്കും. ആവശ്യമെങ്കില്‍ കടകളില്‍ മിന്നല്‍ പരിശോധനയും നടത്തും.