കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം. ഏപ്രിൽ 21 വ്യാഴാഴ്ച നടന്ന മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും 2020 ലെ ചോദ്യപേപ്പറിൽ നിന്നുളളതായിരുന്നുവെന്ന് കണ്ടെത്തി. ആൾഗേ ആന്റ് ബ്രയോഫൈറ്റ്സ് ചോദ്യ പേപ്പറാണ് ആവർത്തിച്ചത്. ഇക്കാര്യം വിവാദമായതോടെ കണ്ണൂർ വിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഗുരുതരമായ പിഴവാണ് കണ്ണൂർ സർവകലാശാലയുടെ പരീക്ഷ നടത്തിപ്പിലുണ്ടായത്. കഴിഞ്ഞ ദിവസം സൈക്കോളജി ചോദ്യ പേപ്പറും ഇത്തരത്തിൽ ആവർത്തിച്ചിരുന്നു. മൂന്ന് ചോദ്യപേപ്പറുകൾ ഇങ്ങനെയുണ്ടെന്ന് കണ്ടെത്തിയതോടെ റദ്ദാക്കി. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകനെതിരെ അന്വേഷണം നടക്കുകയാണ്.
ചോദ്യ പേപ്പർ തയ്യാറാക്കിയ ഉദ്യോഗസ്ഥൻ കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പർ എടുത്ത് ഡേറ്റ് മാത്രം മാറ്റി ഇക്കൊല്ലത്തേക്കും നൽകി എന്നാണ് പ്രാധമിക നിഗമനം. അതുകൊണ്ട് ഇതേ അധ്യാപകൻ തയ്യാറാക്കിയ തിങ്കളാഴ്ച നടക്കേണ്ട മൂന്നാം സെമസ്റ്റർ ബിരുദം ഫിലോസഫി കോംപ്ലിമെൻററി പേപ്പറായ പെർസ്പെക്റ്റീവ് ഇൻ സൈക്കോളജി പരീക്ഷയും മാറ്റി വെച്ചു. ഗുരുതര ക്രമക്കേടിൽ പ്രതിഷേധിച്ച് എംഎസ്എഫ് സർവ്വകലാശാല മാർച്ച് നടത്തി. റദ്ദാക്കിയ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.