ബ്രിട്ടനിലെ രാജാവായുള്ള ചാള്‍സ് രാജകുമാരന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ ഭാര്യ കാമില കോഹിനൂർ കിരീടം ധരിക്കില്ലെന്ന് റിപ്പോര്‍ട്ട്. കോഹിനൂര്‍ കിരീടവുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ കോലാഹലം മൂലമാണ് ഇതെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2800 ഡയമണ്ടുകള്‍ക്കൊപ്പം 105 കാരറ്റ് കോഹിനൂര്‍ രത്നവും അടങ്ങുന്നതാണ് ഈ കിരീടം. കോഹിനൂര്‍ രത്നത്തിന് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളാണ് അവകാശം ഉന്നയിച്ചിട്ടുള്ളത്.
എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ഈ കിരീടം ചാൾസ് രാജകുമാരന്റെ ഭാര്യ കാമിലയ്ക്ക് ലഭിക്കുമെന്നും സ്ഥാനാരോഹണ ചടങ്ങില്‍ കാമില ഇത് ധരിക്കുമെന്നുമായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. 14 -ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ കണ്ടെത്തിയ കോഹിനൂര്‍ വജ്രം നൂറ്റാണ്ടുകളായി കൈമാറിക്കൊണ്ടിരിക്കയാണ്. 1937 -ൽ ജോർജ്ജ് ആറാമൻ രാജാവിന്റെ കിരീടധാരണത്തിനായി എലിസബത്ത് രാജ്ഞിക്ക് വേണ്ടി തയ്യാറാക്കിയ പ്ലാറ്റിനം കിരീടത്തിലാണ് കോഹിനൂർ വജ്രം നിലവിൽ സ്ഥാപിച്ചിരിക്കുന്നത്.
1849 -ൽ, ബ്രിട്ടീഷുകാർ പഞ്ചാബ് പിടിച്ചടക്കിയതിനുശേഷമാണ് കോഹിനൂര്‍ രത്നം വിക്ടോറിയ രാജ്ഞിയ്ക്ക് ലഭിക്കുന്നത്. അടുത്ത വര്‍ഷം മെയ് 6ന് ആണ് ചാള്‍സ് രാജകുമാരന്‍റെ കിരീട ധാരണം നടക്കുക. പരമ്പരാഗത രീതികളുടേയും ആധുനിക രീതികളുടേയും സമ്മിശ്ര രൂപത്തിലാവും കിരീടധാരണ ചടങ്ങ് നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായി എവിടെ നിന്നാണ് വന്നതെന്നതിനേക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടെങ്കിലും 1813 മുതല്‍ ഇന്ത്യയില്‍ ഈ രത്നമുണ്ട്. 1849ലാണ് ബ്രിട്ടന്‍ ഈ രത്നം കരസ്ഥമാക്കുന്നത. 1855ല്‍ സിഖ് ഭരണാധികാരി ദുലീപ് സിംഗാണ് വിക്ടോറിയ രാജ്ഞിക്ക് ഈ രത്നം കൈമാറുന്നത്. കോഹിനൂര്‍ രത്നത്തിന് ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, താലിബാന്‍ തമ്മില്‍ അവകാശ തര്‍ക്കം നിലനില്ക്കുന്നുണ്ട്.