ബെയ്ജിങ്: പ്രതിഷേധത്തെതുടർന്ന് നിയന്ത്രണങ്ങൾ കുറച്ച ചൈനയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോർട്ട്. മരണസംഖ്യ ഉയർന്നതും ശ്മശാന ജീവനക്കാർക്ക് രോഗം ബാധിച്ചതും കാരണം മൃതദേഹ സംസ്കരണത്തിൽ പ്രതിസന്ധി നേരിടുന്നതായാണ് വിവരം. കോവിഡ് സംബന്ധിച്ച് യഥാർഥ കണക്കുകളല്ല ചൈന പുറത്തുവിടുന്നതെന്നും റിപ്പോർട്ടുണ്ട്. ഔദ്യോഗിക വിവരമനുസരിച്ച് രണ്ടാഴ്ചയായി ചൈനയിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നാൽ, രാജ്യത്തെ കോവിഡ് കണക്കുകളെക്കുറിച്ച് സംശയം നിലനിൽക്കുകയാണ്. ചൈനയിലെ ശ്മശാനങ്ങൾ നിറഞ്ഞുകവിഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രകടമായ ലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റിവാകുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ചൈന തടഞ്ഞിരുന്നു. നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടും വിപണിയിലും പൊതു ഇടങ്ങളിലും തിരക്കില്ല.
രോഗബാധ കാരണമോ രോഗഭീതി മൂലമോ ആളുകൾ വീട്ടിലിരിക്കുകയാണെന്നാണ് വിലയിരുത്തൽ. ലോക്ഡൗൺ ഉൾപ്പെടെ നിയന്ത്രണങ്ങൾ കാര്യമായി ബാധിച്ചതോടെ ജനം പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു. തുടർന്നാണ് നിയന്ത്രണങ്ങൾ ലഘൂകരിച്ചത്. അതിനുശേഷം കോവിഡ് വൻതോതിൽ വർധിച്ചെന്നാണ് ഫീൽഡ് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള നിഗമനം.
എന്നാൽ, രണ്ടാഴ്ചക്കിടെ കോവിഡ് കേസുകൾ അഞ്ചിലൊന്ന് കുറഞ്ഞതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. പരിശോധന കുറച്ചതിനാലാണ് കേസുകൾ കുറഞ്ഞതെന്നാണ് കരുതുന്നത്.