എത്ര ദിവസം വരെ പഴക്കമുള്ള വെള്ളം നമ്മൾ കുടിക്കും? എന്തൊക്കെ പറഞ്ഞാലും അതിന് ഒരു കണക്കുണ്ടാകും അല്ലേ? ഒരുപാട് വർഷം പഴക്കമുള്ള വെള്ളം നമ്മൾ കുടിക്കില്ല. എന്നാൽ, ഒരു ഗവേഷക 2.6 ബില്ല്യൺ വർഷം പഴക്കമുള്ള വെള്ളം കുടിച്ചു. എന്തായിരിക്കും അതിന്റെ രുചി?
2013 -ലാണ്, ആയിരക്കണക്കിന് വർഷങ്ങളായി സ്പർശിക്കാതെ കിടന്നിരുന്ന ഈ വെള്ളം ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്. ഒറ്റപ്പെട്ട് കിടന്നിരുന്ന ഒരു കനേഡിയൻ ഖനിയിൽ, ഭൂമിയുടെ ഉപരിതലത്തിന് ഏകദേശം 1.5 മൈൽ താഴെയായിട്ടായിരുന്നു വെള്ളം കണ്ടെത്തിയത്.
ഒന്റാറിയോയിലെ ടിമ്മിൻസിൽ കരിങ്കല്ല് പോലെയുള്ള പാറയ്ക്കുള്ളിൽ നേർത്ത വിടവിലാണ് വെള്ളമുള്ളത് എന്നും സംഘം കണ്ടെത്തി. ഇവിടെ നിന്നും വെള്ളത്തിന്റെ സാമ്പിളുകൾ എടുത്ത് പരിശോധിക്കുകയും പ്രദേശത്തെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് വെള്ളം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് എന്ന് ഗവേഷക സംഘം കണ്ടെത്തിയത്.
പഠനത്തെ നയിച്ചിരുന്നത് ഗവേഷകയായ പ്രൊഫസർ ബാർബറ ഷെർവുഡ് ലോല്ലർ ആയിരുന്നു. അവർ ചെയ്തത് ആരും ചിന്തിക്കാത്ത കാര്യമാണ്. ആയിരക്കണക്കിന് വർഷം പഴക്കമുണ്ടായിരുന്ന ആ വെള്ളം അവർ രുചിച്ച് നോക്കി. എന്നാൽ, അത് അത്ര നല്ല അനുഭവമൊന്നും ആയിരുന്നില്ല ബാർബറയ്ക്ക്. ഭയങ്കര ഉപ്പ് നിറഞ്ഞതായിരുന്നു വെള്ളം എന്നതായിരുന്നു ബാർബറയുടെ ആദ്യത്തെ അഭിപ്രായം.
ലോസ് ഏഞ്ചലസ് ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞത്, മറ്റെന്തിനേക്കാളും ഉപ്പുണ്ടായിരുന്നു വെള്ളത്തിന് എന്നാണ്. കല്ലും വെള്ളവും ചേർന്നതിനാലാവാം ഇതിന് ഇത്രയും ഉപ്പുണ്ടായത്. അതുപോലെ അതിന് മേപ്പിൾ സിറപ്പിന്റെ കട്ടിയായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ആ വെള്ളം എടുത്തപ്പോൾ അതിന് നിറമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഓക്സിജനുമായി ചേർന്നപ്പോൾ അതിന് ഓറഞ്ച് നിറം കൈവന്നു എന്നും ബാർബറ പറഞ്ഞു.