പ്ലാസ്റ്റിക് മാലിന്യമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. പ്ലാസ്റ്റ് മാലിന്യം കരയെപ്പോലെ കടലിനെയും മാലിന്യത്താല്‍ നിറയ്ക്കുകയാണെന്ന് അടുത്ത കാലത്തിറങ്ങിയ നിരവധി സമുദ്ര പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ രാജ്യങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പല പദ്ധതികളും ആരംഭിച്ചെങ്കിലും ഒന്നും ഇതുവരെയും പൂര്‍ണ്ണ ഫലപ്രാപ്തി പറയാവുന്ന തരത്തിലേയ്ക്ക് എത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാര നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് യുകെയിലെ ശാസ്ത്രജ്ഞര്‍.
പ്ലാസ്റ്റിക്കില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെന്നാണ് യുകെ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യവും കാര്‍ബണ്‍ഡൈ ഓക്സൈഡും (CO2) ഉപയോഗിച്ച് സിന്തറ്റിക് ഗ്യാസ് അഥവാ ‘സിംഗസ്’ ഉത്പാദിപ്പിക്കുന്നു. ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ദിവസം ടണ്‍ കണക്കിന് പ്ലാസ്റ്റിക്കിനെ ഹൈഡ്രജനാക്കി മാറ്റാമെന്നും അത് വാഹനങ്ങള്‍ക്ക് ഇന്ധനമാക്കി പുനരുപയോഗിക്കാം. ഇത് വഴി വലിയ തോതിലുള്ള പ്ലാസ്റ്റിക്ക് മാലിന്യം ഭൂമുഖത്ത് നിന്ന് നിര്‍മ്മാര്‍ജ്ജം ചെയ്യാന്‍ സാധിക്കുന്നു.
ലോകത്ത് ഒരു വര്‍ഷം 40 കോടി ടണ്‍ പ്ലാസ്റ്റിക്കാണ് ഉത്പാദിപ്പിക്കുന്നതെന്ന് യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്‍റ് പ്രോഗ്രാമിന്‍റെ (UNEP) കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. അതിൽ 85 ശതമാനവും മാലിന്യനിക്ഷേപമായി മാറുന്നു. അതായത് ഭൂമിയിലേക്കും അത് വഴി കടലിലേക്കും ഇവ വലിച്ചെറിയപ്പെടുന്നുവെന്ന്. ഈ പ്ലാസ്റ്റിക്കുകള്‍ വിഘടിക്കാൻ നൂറുകണക്കിന് വർഷങ്ങൾ വേണ്ടിവരുമെന്നും അറിയുമ്പോഴാണ് പാസ്റ്റിക്ക് ഭൂമിയില്‍ സൃഷ്ടിക്കുന്ന മാലിന്യ പ്രശ്നത്തിന്‍റെ ഭീകരത മനസിലാവുക. അതേ സമയം ഈ മാലിന്യത്തില്‍ നിന്നും ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിഞ്ഞാല്‍ ശാസ്ത്രരംഗത്തും പാരിസ്ഥിതിക രംഗത്തും അത് വലിയൊരു കുതിച്ച് ചാട്ടമാകും. അതോടൊപ്പം പ്രകൃതി മലിനീകരണത്തിന്‍റെ തോത് കുറയ്ക്കാനും സാധിക്കുന്നു.
പ്ലാസ്റ്റിക്കിനെ പെയിന്‍റുകളും മറ്റു ലായനികളുമാക്കി പുനരുപയോഗിക്കുന്നുണ്ട്. മറ്റ് ചില അഡിറ്റീവുകള്‍ ചേര്‍ത്ത് പ്ലാസ്റ്റിക്ക് റീസൈക്കിള്‍ ഗ്യാസോലിനാക്കിയും മാറ്റുന്നു. എന്നാല്‍, പ്ലാസ്റ്റിക്കിനെ ഹൈഡ്രജനാക്കി മാറ്റുന്നത്, അതും വ്യാവസായികാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്കില്‍ നിന്നും ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുക എന്നാല്‍ അത് വലിയൊരു കുതിച്ച് ചാട്ടമാവും. പ്ലാസ്റ്റിക്കിനോടൊപ്പം കാര്‍ബണ്‍ ഡൈഓക്സൈഡും സംയോജിപ്പിച്ച് ഹൈഡ്രജന്‍റെ ഉറവിടമായ സിങ്കാസ്, സൗന്ദര്യവർദ്ധക വ്യവസായത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൈക്കോളിക് ആസിഡ് എന്നിവ ഉത്പാദിപ്പിക്കാമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് അവകാശപ്പെട്ടത്. സൗരോര്‍ജ്ജമാകും ഈ പ്രക്രിയയ്ക്കായി ഉപയോഗിക്കുക. ഈ സാങ്കേതിക വിദ്യയെ വ്യാവസായിക ഉത്പാദന ഘട്ടത്തിലേക്ക് മാറ്റുകയെന്നതാണ് അടുത്ത ഘട്ടം. ഗവേഷകരുടെ കണ്ടെത്തല്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു.