ബെംഗളൂരു: ബെംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥയുടെ കൊലപാതകത്തിൽ മുൻ ഡ്രൈവർ അറസ്റ്റിൽ. ഉദ്യോഗസ്ഥയുടെ മുൻ ഡ്രൈവറായിരുന്ന കിരണാണ് പിടിയിലായത്. ഇന്നലെയാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥയായ പ്രതിമ കെഎസ് കൊല്ലപ്പെട്ടത്. പ്രതിമയുടെ മൃതദേഹം വീട്ടിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പത്ത് ദിവസം മുമ്പ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന്‍റെ പ്രതികാരമായാണ് കൊലപാതകമെന്ന് കിരൺ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഭർത്താവും കുഞ്ഞും നാട്ടിലേക്ക് പോയ സമയത്താണ് പ്രതിമയെ വീട്ടിൽ കയറി കൊലപ്പെടുത്തിയതെന്ന് കിരൺ പൊലീസിന് മൊഴി നൽകി. കഴുത്തിൽ കുരുക്കിട്ട് മുറുക്കിയും കഴുത്തറുത്തുമായിരുന്നു ക്രൂരമായ കൊലപാതകം. കൊലയ്ക്ക് ശേഷം ബെംഗളൂരുവിൽ നിന്ന് രക്ഷപ്പെട്ട കിരണിനെ ചാമരാജനഗറിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.