കോഴിക്കോട് : സർവീസ് സഹകരണ ബാങ്കുകളുടെ പേരിനൊപ്പമുള്ള ‘ ബാങ്ക്’ എന്ന വാക്ക് ഒഴിവാക്കണമെന്ന റിസർവ് ബാങ്ക് നിർദേശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന നിലപാടിൽ നിന്നു സർക്കാർ പിന്നോട്ട്. കേരള ബാങ്കിന്റെ അന്തിമ അനുമതി, എൻആർഐ നിക്ഷേപ ലൈസൻസ് അടക്കമുള്ള പല കാര്യങ്ങളും റിസർവ് ബാങ്കിന്റെ പരിഗണനയിലുള്ള സാഹചര്യത്തിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ എത്രത്തോളം വിജയിക്കുമെന്ന ആശങ്കയിലാണ് സർക്കാർ. റിസർവ് ബാങ്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മന്ത്രിസഭ ചേർന്നാണ് തീരുമാനിച്ചത്. ഉടൻ തന്നെ ഹർജി ഫയൽ ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. റിസർവ് ബാങ്ക് നീക്കത്തിനെതിരെ വലിയ രീതിയിൽ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രണ്ടു മാസം പിന്നിടുമ്പോൾ വിവിധ ജില്ലകളിൽ സഹകരണ സംരക്ഷണ സമിതികൾ ചേർന്ന് സമരം പ്രഖ്യാപിച്ചത് മാത്രമാണ് നടന്നത്.
ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമത്തിന്റെ ചുവടു പിടിച്ച് കഴിഞ്ഞ നവംബറിലാണ് റിസർവ് ബാങ്ക് കേരളത്തിലെ സർവീസ് സഹകരണ ബാങ്കുകൾക്കു മുന്നറിയിപ്പു നൽകിയത്. പേരിനൊപ്പമുള്ള ബാങ്ക് എന്ന വാക്ക് നീക്കം ചെയ്യണമെന്നും അംഗങ്ങൾ അല്ലാത്തവരിൽ നിന്നു നിക്ഷേപം സ്വീകരിക്കരുതെന്നും ഇത്തരം സംഘങ്ങളിൽ പണം നിക്ഷേപിച്ചു നഷ്ടപ്പെട്ടാൽ നിക്ഷേപ സുരക്ഷ ഇൻഷുറൻസ് ലഭിക്കില്ലെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് മാധ്യമങ്ങളിലൂടെ കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഇടപെടൽ കേരളത്തിലെ 1600ലേറെ വരുന്ന സർവീസ് സഹകരണ ബാങ്കുകളെ ഗുരുതരമായി ബാധിക്കുമെന്നു വന്നതോടെയാണു സർക്കാർ നിയമ നടപടികൾ പ്രഖ്യാപിച്ചത്. റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ് മറികടക്കാൻ മറ്റു വഴികൾ ഇപ്പോൾ സർക്കാർ പരിഗണിക്കുന്നുണ്ട്. നിക്ഷേപ ഗാരന്റി സ്കീമിൽ ഉൾപ്പെട്ട സംഘങ്ങൾക്ക് ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകാൻ നിക്ഷേപ ഗാരന്റി ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ നിക്ഷേപ ഗാരന്റി സ്കീമിലെ നിക്ഷേപങ്ങൾക്കുള്ള സുരക്ഷ 5 ലക്ഷമാക്കി ഉയർത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അനിശ്ചിതത്വം നീക്കാൻ സംഘങ്ങൾക്കെല്ലാം പൊതുവായ പേരും ചിഹ്നവും അനുവദിക്കണമെന്ന ആവശ്യവും സഹകാരികൾ ഉയർത്തുന്നുണ്ട്.