ബാംഗ്ലൂർ : 2,600 ഓളം ഏക്കർ വരുന്ന സ്ഥലം കർണാടകയിൽ ട്രീ പാർക്കുകളായി പരിവർത്തനം ചെയ്യപ്പെട്ടുന്നുവെന്ന് റിപ്പോർട്ട്. കർണാടക ഫോറസ്റ്റ് റിപ്പോർട്ടാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. 2,656 ഏക്കറിൽ 1,275 ഏക്കർ വരുന്ന സ്ഥലം റിസർവ് ഫോറസ്റ്റായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്രയും വലിയ വനപ്രദേശം വനേതര ആവശ്യങ്ങൾക്കായി മാറ്റുന്നത് നിയമ വിരുദ്ധമാണെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. വനത്തിനുള്ളിൽ നടക്കുന്ന എന്ത് പ്രവർത്തനങ്ങൾക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി അനിവാര്യമാണ്. 2011-12 കാലയളവിൽ 132 ട്രീ പാർക്കുകളാണ് സംസ്ഥാനത്ത് പുതിയതായി ആരംഭിച്ചത്. നിലവിൽ ജെ ബി കാവൽ റിസർവ് ഫോറസ്റ്റ് ഏരിയ ട്രീ പാർക്ക് ആയി പരിവർത്തനം ചെയ്യാനുള്ള ശ്രമത്തിനതിരേ പരിസ്ഥിതി പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്.
വനപ്രദേശങ്ങളിൽ മനുഷ്യരെത്താത്തത് പരിസ്ഥിതിക്ക് ഏൽക്കുന്ന ആഘാതം കുറയ്ക്കും. എന്നാൽ ട്രീ പാർക്കുകളിലെ മനുഷ്യരുടെ സാന്നിധ്യം പ്രകൃതി നശിക്കുന്നതിനിടയാക്കുമെന്ന് വിദ്ഗധർ വിലയിരുത്തുന്നു. കഴിഞ്ഞ 50 വർഷത്തിനിടെ വനവത്കരണത്തിന്റെ ഭാഗമായി ബാംഗ്ലൂരിന് നിരവധി ഏക്കർ വരുന്ന റിസർവ് ഫോറസ്റ്റാണ് നഷ്ടമായത്.