കൊല്ലം: സോഷ്യൽമീഡിയ ദുരുപയോഗത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാകുകയാണ് കല്ലുവാതുക്കലിലെ പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ അമ്മക്ക് തടവുശിക്ഷ ലഭിച്ച കേസ്. ജനിച്ചയുടനെ നവജാത ശിശുവിനെ കരിയിലയിൽ ഉപേക്ഷിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ച കേസിലാണ് അമ്മയായ രേഷ്മക്ക് 10 വർഷം തടവും അൻപതിനായിരം രൂപ പിഴയും കോടതി വിധിച്ചത്. നാടിനെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ഇല്ലാത്ത കാമുകന് വേണ്ടിയാണ് രേഷ്മ സ്വന്തം കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുത്തത്. 2021 ജനുവരി അഞ്ചിനാണ് പ്രതി വീടിന് പിന്നിലെ റബ്ബർ തോട്ടത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചത്.
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ കുഞ്ഞ് തടസ്സമാണെന്ന് കരുതിയാണ് കൃത്യം ചെയ്തതെന്ന് രേഷ്മ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ കാമുകൻ എന്ന പേരിൽ വ്യാജ അക്കൗണ്ടിലൂടെ പ്രതിയുമായി ചാറ്റ് ചെയ്‌തത് രേഷ്‌മയുടെ ഭർത്താവിൻ്റെ ബന്ധുക്കളായ രണ്ട് യുവതികളായ ആര്യയും ഗ്രീഷ്മയുമായിരുന്നു. രേഷ്‌മയുടെ അറസ്റ്റിന് പിന്നാലെ ഇരുവരും ഇത്തിക്കര ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. രേഷ്മയെ കബളിപ്പിക്കാൻ ഭർത്താവിന്റെ സഹോദര ഭാര്യയും സഹോദരിയുടെ മകളും തുടങ്ങിയ തമാശയാണ് മൂന്ന് പേരുടെ മരണത്തിൽ അവസാനിച്ചത്.
ഇരുവരും സോഷ്യൽമീഡിയയിൽ അനന്തു എന്ന പേരിൽ രേഷ്മയുമായി ചാറ്റിങ്ങിലൂടെ ബന്ധം സ്ഥാപിച്ചു. ബന്ധം വൈകാതെ പ്രണയത്തിലേക്ക് വഴിമാറി. അങ്ങനെ ഇല്ലാത്ത കാമുകനുമായി രേഷ്മ കടുത്ത പ്രണയത്തിലായി. ഇതിനിടെ രേഷ്മ ഗർഭിണിയായി. കാമുകൻ ഉപേക്ഷിക്കുമെന്നതിനാൽ ഗർഭിണിയായ കാര്യം രേഷ്മ മറച്ചുവെച്ചു. കളി കൈവിട്ടുപോയിട്ടും അനന്തുവിന്റെ ഐഡന്റിറ്റി വെളിപ്പെടുത്താനും രേഷ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും വ്യാജ ഐഡിയിലൂടെ ചാറ്റ് ചെയ്ത ബന്ധുക്കൾക്ക് കഴിഞ്ഞില്ല.
പ്രസവിച്ചാൽ സ്വീകരിക്കില്ലെന്ന് കാമുകൻ മുമ്പ് പറഞ്ഞതിനാൽ രേഷ്മ ഗർഭ മറച്ചുവെക്കുകയും പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തു. ശൗചാലയത്തിലാണ് രേഷ്മ കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന്റെ മൃതദേഹം ലഭിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്ത് 21പേരുടെ ഡിഎൻഎ ശേഖരിച്ച് നടത്തിയ പരിശോധനയിൽ കുഞ്ഞ് രേഷ്മയുടേതും വിഷ്ണുവിന്റേതുമാണെന്ന് തെളിഞ്ഞു. സംഭവം കൈവിട്ടതോടെ സഹോദര ഭാര്യയും സഹോദരിയുടെ മകളും ഇത്തിക്കരയാറ്റിൽ ചാടി ജീവനൊടുക്കുകയും ചെയ്തു.