കോഴിക്കോട്: മഴക്കാലമെത്തിയാൽ മിഠായിതെരുവിലാകെ മലിനജലം ഒഴുകി നടക്കുമെന്ന ആശങ്കക്ക് അറുതിയാവുന്നു. മിഠായിതെരുവിലെ ഓടയടഞ്ഞതിനെ തുടർന്ന് അടിയന്തരമായി അഴുക്കുചാൽ നിർമാണം ആരംഭിച്ചു. ഒാട മുഴുവനായും നിർമിക്കാനാണ് കോർപറേഷൻ തീരുമാനം.ആകെ 12.5 ലക്ഷം രൂപയിലാണ് പ്രവർത്തനം നടത്തുക. കാലവർഷം ആരംഭിക്കുന്നതിന് മുമ്പായി പ്രവൃത്തി തീർക്കാനായേക്കും. പത്ത് ദിവസത്തിനുള്ളിൽ പണി പൂർത്തീകരിക്കാവനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോർപറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ പറഞ്ഞു.
നേരത്തേ തുടങ്ങേണ്ടിയിരുന്ന പ്രവൃത്തി പെരുന്നാൾ-വിഷു വിപണിക്ക് തടസ്സം സൃഷ്ടിക്കുമെന്നതിനാൽ നീട്ടിവെക്കുകയായിരുന്നു. ദിനംപ്രതി നൂറുകണക്കിനാളുകൾ സന്ദർശിക്കുന്ന മിഠായിതെരുവിലെ പ്രശ്നങ്ങൾക്ക് അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.നവീകരിച്ച ശേഷം ടൈൽ പതിച്ച മിഠായി തെരുവിലെ ഒരുഭാഗം മുഴുവൻ പൊളിച്ചുമാറ്റി ആഴം കൂട്ടിയശേഷം പുതിയ ടൈൽ പതിക്കണം. തെരുവിന്റെ ഭംഗി നഷ്ടപ്പെടാത്ത വിധം പണിതീർക്കാനാണ് ശ്രമം. കച്ചവടക്കാർക്കും തെരുവിലെത്തുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം രാത്രിയാണ് പ്രവൃത്തി നടക്കുന്നത്. പുലർച്ചവരെ പണിയെടുത്ത് നിശ്ചിത സമയത്തിനുള്ളിൽ തീർക്കാനായേക്കും.
ഓവുചാൽ അടയാൻ കാരണം ശാസ്ത്രീയമായി പണിയാത്തത്
ഒഴുക്ക് തടസപ്പെട്ടതോടെ മഴ പെയ്യുമ്പോൾ തെരുവിലേക്ക് മലിനജലം ഒഴുകുന്ന സ്ഥിതി വന്നതാണ് ഓട പൊളിച്ചു മാറ്റേണ്ടി വന്നത്. ടൈലുകളും മറ്റും പതിച്ച ഓടക്കടിയിൽ മലിനജലം ഒഴുകാതെ കെട്ടികിടക്കുന്നത് പഴുതുകളിലൂടെ കാണാം. പേമാരിയിൽ അടഞ്ഞ ഓടയിൽനിന്ന് മാലിന്യമൊഴുകി മൊത്തം പ്രശ്നമാവുമെന്ന ആശങ്കയിലായിരുന്നു വ്യാപാരികൾ.
രാധാ തിയേറ്റർ ഭാഗത്തുനിന്ന് മേലെ പാളയത്തേക്കുള്ള ഓവുചാലാണ് ഒഴുക്കില്ലാതെ അടഞ്ഞു കിടക്കുന്നത്. കോടികൾ ചെലവിട്ട് മിഠായി തെരുവ് നവീകരിച്ചപ്പോൾ ഓവുചാൽ ശാസ്ത്രീയമായി പണിയാത്തതാണ് പ്രശ്നം. ഇത്രയും ഭാഗത്തെ സ്ളാബുകൾ കുത്തിയെടുത്ത് ആഴത്തിൽ സ്ലാബുകൾ പണിത് വീണ്ടും മൂടണം.
നവീകരിച്ചപ്പോൾ കേബിളുകളിടാനുള്ളതടക്കം മൂന്ന് ചെറിയ ചാലുകളാണ് പണിതത്. തുറന്ന് പരിശോധിക്കാൻ മാൻഹോളകളടക്കമുള്ള ഒരു സംവിധാനവും ചെയ്തില്ല. വെള്ളം കയറിയപ്പോൾ മാലിന്യവും കുപ്പികളും പ്ലാസ്റ്റിക്കുമെല്ലാം ചേർന്ന് ഒഴുക്ക് തടസപ്പെട്ടു. ഓടക്കകത്ത് പൈപ്പ് പൊട്ടിക്കിടക്കുന്നതിനാൽ മിഠായി തെരുവിലേക്കുള്ള വാൽവ് തുറന്നാൽ പൊട്ടിയഭാഗം വഴി വെള്ളമൊഴുകി ഓടനിറയുന്ന സ്ഥിതിയാണ് ഇപ്പോൾ.
താത്ക്കാലിക പരിഹാരമായി വാൽവ് അത്യാവശ്യത്തിന് മാത്രം തുറന്ന് അത്യാവശ്യക്കാർ വെള്ളമെടുത്തുകഴിഞ്ഞാൽ അടക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഓട പുതുക്കിപ്പണിയൽ തുടങ്ങിയതോടെ ഇതിനെല്ലാം പരിഹാരമാവുമെന്നാണ് പ്രതീക്ഷ.