തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന തീവ്ര കൊവിഡ് വ്യാപനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ഇപ്പോള്‍ മൂന്ന് വിഭാഗമായി തിരിച്ചാണ് ജില്ലകളില്‍ കൊവിഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വിലയിരുത്തി മാറ്റങ്ങള്‍ ആവശ്യമാണോ എന്നു തീരുമാനിക്കും. പരിശോധനകളുടെ എണ്ണം കൂട്ടുന്നത് മുതല്‍ പുതിയ മാനദണ്ഡങ്ങളുടെ പ്രായോഗികത വരെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് മേലുള്ള വിവാദങ്ങളും വിമര്‍ശനവും ചര്‍ച്ചക്ക് വരാനിടയുണ്ട്. അതേ സമയം കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഇന്ന് ചേരുന്ന വിദ്യാഭ്യാസവകുപ്പ് ഉന്നതലയോഗം തീരുമാനമെടുക്കും.
1 മുതല്‍ 9 വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന് ,പന്ത്രണ്ട് ഓഫ് ലൈന്‍ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ് കുട്ടികളുടെ വാക്‌സിനേഷന്റെ പുരോഗതി എന്നിവ യോഗം ചര്‍ച്ച ചെയ്യും. ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്നതിനാല്‍ പരീക്ഷാതിയ്യതി തല്‍ക്കാലം മാറ്റേണ്ടെന്നായിരുന്നു കഴിഞ്ഞ കൊവിഡ് അവലോകനസമിതി തീരുമാനം. എന്നാല്‍ ഇതില്‍ മാറ്റമുണ്ടാകുമോയെന്ന് ഇന്നറിയാം.