ഇടുക്കി: ഇടുക്കി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളോടനുബന്ധിച്ച് നടക്കുന്ന ഓഫ് റോഡ് ഡ്രൈവിങ്ങിന് നിയന്ത്രണം വരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എക്സിക്യൂട്ടിവ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. സുരക്ഷിതമായ ഓഫ് റോഡ് യാത്രക്കായി വാഹനങ്ങളുടെ ലൈസന്‍സ്, പെര്‍മിറ്റ് എന്നിവ പരിശോധിച്ച് അനുമതി നല്‍കുന്നതിനായി സമിതി രൂപീകരിക്കും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കാകും നിയന്ത്രണങ്ങളുടെ ചുമതല. മഴക്കാലം വരുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.
ഇടുക്കി പാര്‍ക്കിനോട് ചേര്‍ന്ന് നിര്‍മാണം പൂര്‍ത്തിയായിട്ടുള്ള ഇക്കോ ലോഡ്ജിന്റെയും കുടിയേറ്റ സ്മാരകത്തിന്റെയും ഉദ്ഘാടനം ഈ മാസം അവസാനം നടത്താനും യോഗം തീരുമാനിച്ചു. നിര്‍മാണം നടന്നുവരുന്ന യാത്രി നിവാസിന്റെ ഉദ്ഘാടനം ഓഗസ്റ്റില്‍ നടക്കും. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മുതിരപ്പുഴ റിവര്‍ സൈഡ് വാക് വേ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീയായതായി ഡിടിപിസി സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. വനംവകുപ്പുമായി സഹകരിച്ച് കൂടുതല്‍ വ്യൂ പോയിന്റുകള്‍ കണ്ടെത്തി ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തും. 23ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി ഡെസ്റ്റിനേഷന്‍ ചലഞ്ച് എന്ന വിഷയത്തില്‍ വര്‍ക്ക്‌ഷോപ്പ് നടത്തും. യോഗത്തില്‍ എം എം മണി എംഎല്‍എ, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ഇടുക്കി എസ്.പി വി.യു കുര്യാക്കോസ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.