ഉംറ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് സീസൺ അടുത്ത സാഹചര്യത്തിലാണ് ഉംറ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ 4 മുതൽ ഉംറ പെർമിറ്റുകൾ അനുവദിക്കില്ല. ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നത് വരെ ഹജ്ജ് തീർഥാടകർക്ക് മാത്രമായിരിക്കും ഉംറ നിർവഹിക്കാൻ അനുമതി നല്കുക.ഓൺലൈൻ വഴിയുള്ള ഉംറ പെർമിറ്റ് ദുൽഖഅദ് 15 വരെ അഥവാ ജൂൺ 4 വരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നു സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് കർമങ്ങൾ അവസാനിച്ച ശേഷമായിരിക്കും ഇനി ഉംറ പെർമിറ്റ് ഇഷ്യൂ ചെയ്യുക. എന്നാൽ ഹജ്ജ് തീർഥാടകർക്ക് ഉംറ നിർവഹിക്കുന്നതിനു തടസ്സമുണ്ടാകില്ല.
വിദേശ ഹജ്ജ് തീർഥാടകർ കഴിഞ്ഞ ദിവസം മദീനയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച മുതൽ ഹാജിമാർ മക്കയിലും എത്തും. ഉംറ വിസയിലുള്ള എല്ലാ തീർഥാടകരും ജൂൺ 18-നു മുമ്പായി സൌദിയിൽ നിന്നു മടങ്ങണമെന്നും ഉംറ തീർഥാടകരെ ഹജ്ജ് നിർവഹിക്കാൻ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. ഹജ്ജ് – ഉംറ പെർമിറ്റോ, മക്കയിൽ താമസിക്കുന്നതിനുള്ള രേഖകളോ, മക്കയിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി പത്രമോ ഉണ്ടെങ്കിൽ മാത്രമേ വിദേശികളെ ഇപ്പോൾ മക്കയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ.