ബംഗളൂരു: ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ കാണാൻ ഡൽഹിയിലെത്തിയിട്ടും കാണാനാവാതെ കർണാടകയിൽ തിരിച്ചെത്തിയ മുൻ ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ശിവമൊഗ്ഗയിൽ മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ മകൻ ബി.വൈ വിജയേന്ദ്രക്കെതിരെ മത്സരിക്കുമെന്നാണ് പ്രഖ്യാപനം. ഇനി ചർച്ചകളൊന്നും വേണ്ടെന്നും ശിവമൊഗ്ഗയിൽ മത്സരിക്കുമെന്നും സംസ്ഥാന അധ്യക്ഷ പദവി വിജയേന്ദ്ര ഒഴിഞ്ഞാൽ മാത്രമേ സ്ഥാനാർഥിത്വം പിൻവലിക്കൂവെന്നും അദ്ദേഹം അറിയിച്ചു.
ഒരു കുടുംബം സംസ്ഥാന ബി.ജെ.പിയുടെ അധികാരം പിടിച്ചടക്കിയിരിക്കുകയാണെന്നും അവർ ഹിന്ദു കാര്യകർത്താക്കളുടെയും ബി.ജെ.പി പ്രവർത്തകരുടെയും വികാരങ്ങൾ വ്രണപ്പെടുത്തുകയാണെന്നും യെദിയൂരപ്പയുടെ കുടുംബത്തെ ലക്ഷ്യംവെച്ച് അദ്ദേഹം ആരോപിച്ചു. തന്റെ പോരാട്ടം സംസ്ഥാന ബി.ജെ.പിയെ നിയന്ത്രിക്കുന്ന ഒരു കുടുംബത്തിനെതിരെയാണ്. കോൺഗ്രസിൽ കുടുംബ സംസ്കാരമാണെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയുന്നതാണ്. സമാന സ്ഥിതിയാണ് സംസ്ഥാന ബി.ജെ.പിയിൽ. പാർട്ടിയെ ഈ കുടുംബത്തിൽനിന്ന് മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാവേരി മണ്ഡലത്തിൽ തന്റെ മകൻ കെ.ഇ. കാന്തേശിനെ സ്ഥാനാർഥിയാക്കാത്തതിൽ ഈശ്വരപ്പ കടുത്ത അതൃപ്തിയിലായിരുന്നു. മുൻ മുഖ്യമന്ത്രിയും ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്. യെദിയൂരപ്പ തന്നെ ചതിച്ചുവെന്ന് ഈശ്വരപ്പ പറയുന്നു. തന്റെ മകന് വാഗ്ദാനം ചെയ്ത ഹാവേരി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എം.എൽ.എയെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. യെദിയൂരപ്പയുടെ ഉറപ്പിൽ വിശ്വസിച്ച് മകനുവേണ്ടി ഹാവേരി മണ്ഡലത്തിൽ പ്രചാരണം നടത്തിവരികയായിരുന്നു ഈശ്വരപ്പ. ഏപ്രിൽ 26, മേയ് ഏഴ് തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 28 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.