കോഴിക്കോട് : പിഎസ്‌സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾക്കു ജോലി കിട്ടാൻ അതതു വകുപ്പിലെ ഉദ്യോഗസ്ഥർ കനിയണോ? ചിലപ്പോൾ വേണ്ടിവരുമെന്നു 2013ലെ യുപി സ്കൂൾ മലയാളം കോഴിക്കോട് ജില്ലാ റാങ്ക് പട്ടികയിലുള്ളവർ പറയുന്നു. അനുകൂല കോടതിവിധി ലഭിച്ചിട്ടുപോലും നിയമനം കിട്ടാതെ പിഎസ്‌സിയുടെ ദയയ്ക്കു കാത്തിരിക്കുകയാണ് ഇവർ. തിരുവനന്തപുരത്തു പിഎസ്‍സി യോഗം ചേർന്ന് അനുമതി നൽകിയാലേ ഇനിയെങ്കിലും നിയമനം ലഭിക്കൂ.
2013ലെ പട്ടികയിൽനിന്ന് ആദ്യം 10 നിയമനം നടന്നെങ്കിലും പിന്നെ അനക്കമില്ലാതായതിൽനിന്നാണു പ്രശ്നങ്ങളുടെ തുടക്കം. കൈക്കൂലി താൽപര്യങ്ങൾ മൂലമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതെന്ന് ആരോപിച്ച് ചില ഉദ്യോഗാർഥികൾ വിജിലൻസിനെ സമീപിച്ചു. വിവരാവകാശനിയമപ്രകാരം കണക്കെടുത്തപ്പോൾ 142 ഒഴിവുകളുണ്ടായിരുന്നു. ഉദ്യോഗാർഥികൾ കേസ് കൊടുത്തതോടെ 92 പേർക്കു നിയമനം കിട്ടിയെങ്കിലും വീണ്ടും മെല്ലെപ്പോക്കായി.
അധ്യാപക ഫിക്സേഷൻ നടത്താനുള്ളതു കൊണ്ടാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതെന്നായിരുന്നു ഔദ്യോഗിക വാദം. 2016 ജൂണിൽ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി തീരാനിരിക്കെ ഉദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. 2019 ൽ ഉദ്യോഗാർഥികൾക്ക് അനുകൂലവിധി ലഭിച്ചു. ഡിഡിഇ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. 58 ഒഴിവുകൾ അടിയന്തരമായി പിഎസ്‍സിക്കു റിപ്പോർട്ട് ചെയ്യാനും ഒരാഴ്ചയ്ക്കകം നിയമനശുപാർശയും 3 ആഴ്ചയ്ക്കകം നിയമന ഉത്തരവും നൽകാനും നിർദേശിച്ച് 2021 നവംബറിൽ ട്രൈബ്യൂണലിന്റെ അന്തിമവിധി വന്നു.
അതനുസരിച്ച് ഈ വർഷം ജനുവരിയിൽ നിയമനം കിട്ടേണ്ടതായിരുന്നു. ഇനിയും അപ്പീലിനു സാധ്യതയുണ്ടോ എന്നറിയാൻ ഡിഡിഇ ഓഫിസിൽനിന്ന് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടി. ഇല്ലെന്നു മറുപടി ലഭിച്ചതോടെ ഫയൽ തിരുവനന്തപുരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫിസിലേക്ക് അയച്ചു. കോഴിക്കോട് ഡിഡിഇ ഓഫിസ് തീരുമാനമെടുക്കണമെന്നു പറഞ്ഞ് അവർ തിരിച്ചയച്ചു. നടപടിയില്ലാതായതോടെ ഉദ്യോഗാർഥികൾ കോടതിയലക്ഷ്യക്കേസ് കൊടുത്തു. ഉടൻ ഫയൽ കോഴിക്കോട് ജില്ലാ പിഎസ്‌സി ഓഫിസിലേക്ക് അയച്ചു. അവർ അതു തിരുവനന്തപുരം പിഎസ്‍സി ഓഫിസിലേക്കയച്ചു.
കാലാവധി കഴിഞ്ഞ ലിസ്റ്റായതിനാൽ ഇനി പിഎസ്‍സി യോഗം ചേർന്നു തീരുമാനമെടുത്താലേ നിയമന ശുപാർശ ലഭിക്കൂ. ലിസ്റ്റിലെ പലർക്കും 50 വയസ്സിനോടടുക്കുന്നു. ജോലി കിട്ടിയാലും അഞ്ചോ ആറോ വർഷത്തിനുശേഷം വിരമിക്കണം.