കണ്ണൂര്‍: കണ്ണൂരിൽ മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയിൽ മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ് മരുമകൻ്റെ മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ചത്. പേരൂൽ സ്വദേശികളായ ലീല, ഭർത്താവ് രവീന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം മകളുടെ ഭർതൃഗ്രഹത്തിൽ എത്തിയ പവിത്രൻ മരുമകന്റെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. ലീലയുടെയും രവീന്ദ്രന്റെയും മകനായ ധനേഷിനെ പവിത്രന്റെ സമ്മതപ്രകാരമായിരുന്നില്ല മകൾ ശ്രീലക്ഷ്മി കല്യാണം കഴിച്ചത്. ജനുവരിയിലായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. അതിലുണ്ടായ പകയെ തുടർന്നായിരുന്നു ആക്രമണം. രക്ഷപ്പെടാൻ ശ്രമിച്ച പവിത്രനെ പെരിങ്ങോം എസ് എച്ച് ഒ രാജേഷ് പിയുടെ നേതൃത്വത്തിൽ പയ്യന്നൂര്‍ നിന്നും കസ്റ്റഡിയിലെടുത്തു. ലീലയും രവീന്ദ്രനും ആശുപത്രിയിൽ ചികിത്സയിലാണ്.