കൊല്ലം : ഭൂമിതരം മാറ്റികിട്ടാത്തതിനെ തുടര്‍ന്ന് പറവൂരില്‍ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യു വകുപ്പിന് വീഴ്ചയില്ലെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. സംഭവത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഭൂമിതരം മാറ്റുന്നത് സംബന്ധിച്ച അപേക്ഷകള്‍ മുമ്പില്ലാത്ത തരത്തിലുള്ള വേഗതയിലാണ് തീര്‍പ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ സബ് കളക്റ്റര്‍ ചുമതലയേറ്റെടുത്തതു മുതല്‍ മികച്ച രീതിയില്‍ ഇത്തരം അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ അദാലത്തുകളിലൂടെ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് ഇത്തരമൊരു ദൗര്‍ഭാഗീക സംഭവമുണ്ടായിരിക്കുന്നതെന്നും രാജു പറഞ്ഞു.
മുന്‍കാലങ്ങളില്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ പലതരത്തിലുള്ള ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. അത് മറി കടക്കുന്നതിനായി സീനീയോറിറ്റി അടിസ്ഥാനപ്പെടുത്തി അപേക്ഷകള്‍ തീര്‍പ്പാക്കണമെന്ന പൊതുനയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അത്തരത്തില്‍ 2019 വരെയുള്ള അപേക്ഷകള്‍ ഇപ്പോള്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്. സീനിയോറിറ്റി മറികടന്ന് അപേക്ഷകള്‍ പരിഗണിക്കരുതെന്ന പൊതുനയമാണ് സര്‍ക്കാരിനുള്ളത്. 2020 മുതലുള്ള അപേക്ഷകള്‍ കെട്ടികിടക്കുന്നതിനാല്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന അദാലത്ത് സംഘടിപ്പിക്കണമെന്ന് റവന്യു മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് ഇത്തരമൊരു സംഭവുമുണ്ടായിരിക്കുന്നത്.
ഭൂമിതരമാറ്റുന്നതിന് ഒരാള്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. അവര്‍ നല്‍കുന്ന ഒരു തീയതില്‍ ബന്ധപ്പെട്ട ഓഫിസില്‍ എത്തുകയാണ് വേണ്ടത്. കല്യാണം പോലുള്ള അടിയന്തരാവശ്യങ്ങള്‍ക്ക് ഭൂമി തരമാറ്റുന്നതിന് ഒട്ടേറെ പേര്‍ ബുദ്ധിമുട്ടുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സീനിയോറിറ്റി മറികടന്ന് അത്തരം അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കഴിയില്ല. അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുകയെന്നത് മാത്രമാണ് അതിനുള്ള പരിഹാരം. സര്‍ക്കാര്‍ അത്തരം നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. 34 വില്ലെജ് ഓഫിസര്‍മാര്‍ക്ക് ഒരേ ദിവസം സ്ഥലംമാറ്റം നല്‍കിയതുപോലും ഇത്തരം അപേക്ഷകളിലെ കാലതാമസം ഒഴിവാക്കി വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണെന്നും പി.രാജു പറഞ്ഞു.