ആലപ്പുഴ : ആലപ്പുഴ നഗരസഭാ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിനാണ് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തിരുവല്ല സ്വദേശി ജയരാജാണ് പിടിയിലായത്. നഗരസഭയിലെ റവന്യൂ ഇൻസ്പെടർ കെ.കെ. ജയരാജിനെയാണ് വിജിലൻസ് പിടികൂടിയത്. വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റി വാങ്ങാനെത്തിയ അപേക്ഷകനെ, പല കാരണങ്ങൾ പറഞ്ഞ് ഇയാൾ വട്ടംക്കറക്കി. ഒടുവിൽ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ആദ്യഘട്ടമായി 2500 രൂപ കൊണ്ടുവരാൻ പറഞ്ഞു. അപേക്ഷകൻ ഈ വിവരം വിജിലൻസിന് കൈമാറി. തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞത് അനുസരിച്ച് പണവുമായി നഗരസഭ ഓഫീസിലെത്തി. കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ കയ്യോടെ വിജിലൻസ് പൊക്കി. നഗരസഭാ ഓഫീസിൽ ക്യാമറയുള്ളതിനാൽ പുറത്ത് വച്ചാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നതെന്ന് വിജിലൻസ് സ്പെഷ്യൽ സ്ക്വാഡ് പറയുന്നു.