ഭോപ്പാല്‍: മധ്യപ്രദേശില്‍ ബില്‍ അടക്കാതെ കുടിശ്ശിക വരുത്തിയതില്‍ റവന്യൂ മന്ത്രി ഗോവിന്ദ് സിങ് രാജ്പുത് ഒന്നാമത്. വൈദ്യുതി വകുപ്പ് പുറത്തിറക്കിയ പട്ടികയിലാണ് ഇക്കാര്യം വ്യക്തമായത്. പട്ടികയില്‍ മന്ത്രിയുടെ മൂത്ത സഹോദരന്‍ ഗുലാബ് സിങ് രാജ്പുത്തും ഇടം പിടിച്ചു. കളക്ടര്‍ ബംഗ്ലാവ്, എസ്പി ഓഫിസ്, ഡോക്ടര്‍മാര്‍, അഭിനേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെല്ലാം പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 84,388 രൂപയാണ് മന്ത്രി ഗോവിന്ദ് സിങ് അടക്കാനുള്ളത്. സഹോദരന്‍ ഗുലാബ് സിങ് 34667 രൂപയും അടക്കാനുണ്ട്.
കളക്ടറുടെ ബംഗ്ലാവ് 11,445 രൂപയും കന്റോണ്‍മെന്റ് ഹൗസ് 24,700 രൂപയും വക്കീല്‍ ചന്ദ് ഗുപ്ത 40,209 രൂപയും എസ്പി ഓഫിസ് 23,428 രൂപയും സൂര്യാന്‍ഷ് സുശീല്‍ തിവാരി 27,073 രൂപയും എസ്എഎഫ് ബറ്റാലിയന്‍ 18.650 രൂപയും അടക്കാനുണ്ട്. വൈദ്യുതി ബില്‍ എത്രയും വേഗം അടക്കണമെന്ന് വകുപ്പ് എസ്എംഎസിലൂടെ അറിയിച്ചു. കുടിശ്ശിക വരുത്തിയത് അടച്ചില്ലെങ്കില്‍ വകുപ്പിന് കണക്ഷന്‍ കട്ട് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. കുടിശ്ശിക വരുത്തിയവര്‍ എത്രയും വേഗം ബില്‍ അടക്കണമെന്ന് വൈദ്യുതി മന്ത്രി പ്രദ്യുമന്‍ സിങ് അഭ്യര്‍ത്ഥിച്ചു. എല്ലാവരും നിയമത്തിവ് മുന്നില്‍ തുല്യരാണെന്നും സാധിക്കുന്നവര്‍ ബില്‍ അടച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.